കേന്ദ്രത്തിന്റെ ടെലഗ്രാം നിരോധനത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നീറ്റ് യുജി 2026 പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാമിന് താത്കാലിക നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കളളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീട് പൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ടെലഗ്രാം ഉപയോഗിച്ച് പഠിക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അവരുടെ ആ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ എങ്ങനെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച പരിഹരിക്കുകയെന്നും അദ്ദേഹം ചോദിച്ചു. മോദി ജി ഷോ അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളെയല്ല, മാഫിയകളെയാണ് ആക്രമിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ടെലഗ്രാം നിരോധനം മോദി സര്‍ക്കാരിന്റെ പുതിയ തന്ത്രമാണ്. കളളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന് പൂട്ടിടുന്ന നടപടി. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ടെലഗ്രാം ഉപയോഗിച്ച് പഠിക്കുന്നു. നോട്ടുകളെടുക്കുന്നതും ചര്‍ച്ചകളും പരിശീലനവുമെല്ലാം അവര്‍ ടെലഗ്രാം വഴിയാണ് ചെയ്യുന്നത്. ആ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ എങ്ങനെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച പരിഹരിക്കുക? അടുത്തതായി വാട്ട്‌സ്ആപ്പിനെയാണോ നിരോധിക്കാന്‍ പോകുന്നത്? പരീക്ഷാ ദിനത്തില്‍ വിദ്യാര്‍ത്ഥികളെ പരിശോധിക്കും.

അവരുടെ പോക്കറ്റുകള്‍ കത്രിക ഉപയോഗിച്ച് മുറിക്കും. വ്യോമസേനയുടെ വിമാനങ്ങള്‍ വഴി ചോദ്യപേപ്പറുകള്‍ എത്തിക്കും. ഷോ ഓഫിന് ഒരു കുറവുമുണ്ടാകില്ല. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കാന്‍ ഒരു ശ്രമം പോലുമില്ല. കാരണം ഈ സര്‍ക്കാരിന്റെ സംരക്ഷണയില്‍ പേപ്പര്‍ ലീക്ക് മാഫിയ തഴച്ചുവളരുകയാണ്. യുവാക്കള്‍ കടുത്ത ദുരിതത്തിലാവുകയും. മോദിജീ, നാടകം അവസാനിപ്പിച്ച് മാഫിയയെ ആക്രമിക്കൂ, വിദ്യാര്‍ത്ഥികളെയല്ല. വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കൂ. അല്ലെങ്കില്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാജ്യത്തെ യുവാക്കള്‍ക്കറിയാം’: രാഹുല്‍ ഗാന്ധി പറഞ്ഞു.

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് ഇന്ത്യയിലുടനീളം ടെലഗ്രാമിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഐടി മന്ത്രാലയം ഉത്തരവിട്ടത്. ജൂണ്‍ 22 വരെയാണ് നിയന്ത്രണം. എന്‍ടിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലഗ്രാമിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയത് അറിയിച്ചത്. തട്ടിപ്പ് സംഘങ്ങളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എന്‍ടിഎ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചറും ഡിസബിള്‍ ആക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.ടെലഗ്രാമിന് താത്കാലിക നിരോധന മേര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂണ്‍ 21-നാണ് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *