ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നു വീണു; കോക്പിറ്റ് വിന്‍ഡ്ഷീല്‍ഡ് തല്ലിപ്പൊളിച്ച് രക്ഷാപ്രവര്‍ത്തനം

ടെക്‌സസ്: അമേരിക്കയിലെ ദക്ഷിണ ടെക്‌സസിലുള്ള തിരക്കേറിയ ഹൈവേയില്‍ ചെറുകിട ജെറ്റ് വിമാനം തകര്‍ന്നു വീണ് ഒരു മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ജീവന്‍ പണയം വെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് അഞ്ചു ജീവനുകള്‍ രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയോട് ചേര്‍ന്ന ലറെഡോയിലെ ലൂപ്പ് 20 ഹൈവേയിലാണ് സംഭവം. തീപിടിച്ചതിനെ തുടര്‍ന്നാണ് വിമാനം ഹൈവേയില്‍ തകര്‍ന്നുവീണത്. ആറുപേരുമായി സഞ്ചരിച്ച നെറ്റ്ജെറ്റ്‌സ് കമ്പനിയുടെ സെസ്‌ന സൈറ്റേഷന്‍ ലാറ്റിറ്റിയൂഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

മെക്‌സിക്കോയിലെ സാന്‍ ഹൊസെ ഡെല്‍ കാബോയില്‍ നിന്ന് ടെക്‌സസിലെ ഓസ്റ്റിനിലേക്ക് പോവുകയായിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ലറെഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. വിമാനത്താവള റണ്‍വേയ്ക്ക് രണ്ട് കിലോ മീറ്റര്‍ അകലെ വെച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് വിമാനം ഹൈവേയിലേക്ക് തകര്‍ന്നുവീണു.

നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയിലൂടെ നീങ്ങിയ വിമാനം റോഡിലുണ്ടായിരുന്ന ഒരു വാഹനത്തെ ഇടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിന്നു. ഇതോടെ വിമാനം രണ്ടായി പിളരുകയും തീപിടിക്കുകയും ചെയ്തു. ഈ സമയം ഹൈവേയിലൂടെ പോയ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരും നാട്ടുകാരും വാഹനങ്ങള്‍ നിര്‍ത്തി വിമാനത്തിന് അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. മണ്‍വെട്ടിയും ചുറ്റികയും ഉപയോഗിച്ച് വിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡ്ഷീല്‍ഡ് തല്ലിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ മറ്റ് അഞ്ചുപേരെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വിമാനം ഇടിച്ച വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതേസമയം, പുക ശ്വസിച്ച് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ലൂപ്പ് 20 ഹൈവേയിലെ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ പരന്നുകിടക്കുകയാണ്. വിമാനത്തിന് ഇന്ധനക്ഷാമവും സാങ്കേതിക തകരാറും ഉണ്ടായതായി ലറെഡോ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഗില്‍ബെര്‍ട്ടോ സാഞ്ചസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *