അതിർത്തികളിൽ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം; വൻ പദ്ധതിയുമായി കേന്ദ്രം

ഡൽഹി : ബംഗ്ലാദേശ്, ചൈന, പാകിസ്താൻ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ പദ്ധതിയുമായി കേന്ദ്രം. 18 മുതൽ 24 മാസത്തിനുള്ളിൽ 45,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. വടക്കുകിഴക്കൻ അതിർത്തിയും, തന്ത്രപ്രധാന മേഖലയിലെ സുരക്ഷയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണിത്. അടുത്ത 2 വർഷത്തെ മൊത്തം റെയിൽ അടിസ്ഥാന സൗകര്യ ബജറ്റിന്റെ 22 ശതമാനം തുകയാണ് ഇതിന് വേണ്ടിവരിക. സൈനിക ആവശ്യങ്ങൾക്കും സാധാരണക്കാരുടെ യാത്രയ്ക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, അസാം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ആണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പുതിയ റെയിൽവേ ട്രാക്കുകൾ, പ്ലാറ്റ്‌ഫോമുകൾ, ശൃംഖലകളുടെ നവീകരണം തുടങ്ങിയ നിർമാണ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുകയെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, ഹിമാലയൻ അതിർത്തികൾ, സിലിഗുരി ഇടനാഴി (Siliguri Corridor), വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്ക് ഏത് കാലാവസ്ഥയിലും തടസമില്ലാതെ ട്രൂപ്പുകളെയും സൈനിക സാമഗ്രികളെയും എത്തിക്കാൻ സാധിക്കും. വർഷങ്ങളായി വികസനം എത്താത്ത അതിർത്തി പ്രദേശങ്ങളിൽ മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. അതിർത്തികളിലെ മാറുന്ന പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഈ സുപ്രധാന നീക്കം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *