തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് ജയപരാജയങ്ങൾ വ്യക്തമായതോടെ പലർക്കും ഒരു സംശയം തോന്നാം, തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് എത്ര രൂപ ശമ്പളം ലഭിക്കും. കേരളത്തിലെ എംഎൽഎമാരുടെ കാര്യത്തിൽ വലിയ പ്രതീക്ഷ വെക്കേണ്ട. രാജ്യത്ത് കുറഞ്ഞ ശമ്പളം വാങ്ങുന്ന എംഎൽഎമാരുടെ ഗണത്തിലാണ് അവർ. എന്നാൽ ശമ്പളം കൂട്ടാനുള്ള ചർച്ചകൾ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നടന്നിരുന്നു എങ്കിലും നടപ്പായില്ല. കേരളത്തിൽ എംഎൽഎമാർക്ക് 2000 രൂപയാണ് സ്ഥിരം ബത്തയായി ലഭിക്കുക. കൂടാതെ നിയോജകമണ്ഡലത്തിലേക്കുള്ള ആവശ്യത്തിനായി 25,000 രൂപ ലഭിക്കും, ട്രാവഷൽ അലവൻസിൽ പെടുന്ന 20,000 രൂപയും, ടെലിഫോൺ അലവൻസായി 11,000 രൂപയും ഇൻഫർമേഷൻ അലവൻസായി 4000 രൂപയും, മറ്റ് അലവൻസുകളായി 8000 രൂപയും കൂട്ടി ഒരു എംഎൽഎക്ക് 70,000 രൂപയാണ് മാസ ശമ്പളം.
എംഎൽഎമാർക്ക് മറ്റു അലവൻസുകളായി നാല് ലക്ഷം രൂപ അടുത്ത് റെയിൽവേ യാത്രാ ചെലവും, കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ പോകുന്നതിന് പെട്രോൾ അലവൻസായി കിലോമിറ്ററിന് 10 രൂപ വെച്ചും ലഭിക്കും. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 40 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും, സ്റ്റാഫ് അലവൻസായി 20,000 രൂപയും, പലിശ രഹിത വാഹന ലോണുകൾ എന്നിവയാണ് ലഭിക്കുക. അതേസമയം ശമ്പള പരിഷ്കാരത്തിന് വേണ്ടി സർക്കാർ തീരുമാനം എടുത്തുവെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും സാമ്പത്തിക മാന്ന്യവും കണക്കിലെടുത്തായിരുന്നു പിന്നീട് സർക്കാർ തീരുമാനം മാറ്റിയത്.
