റിയാദ്: റിയാദിനും ദുബൈക്കുമിടയിൽ പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ച് സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ. ആധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 14:05-ന് പുറപ്പെട്ട ആദ്യ വിമാനം പ്രാദേശിക സമയം വൈകുന്നേരം 17:00 ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. തിരികെയുള്ള വിമാനം ദുബൈയിൽ നിന്ന് വൈകുന്നേരം 18:30-ന് പുറപ്പെട്ട് രാത്രി 19:20-ന് റിയാദിൽ തിരിച്ചെത്തും.
സൗദി അറേബ്യയെ പ്രധാന പ്രാദേശിക-ആഗോള കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി റിയാദ് എയർ സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ ലക്ഷ്യസ്ഥാനമാണ് ദുബൈ. യാത്രക്കാർക്ക് പ്രീമിയം സീറ്റുകൾ, ആധുനിക ഇൻ-ഫ്ളൈറ്റ് വിനോദ സംവിധാനങ്ങൾ, മികച്ച യാത്രാസൗകര്യങ്ങൾ, എന്നിവയോടെയുള്ള മികച്ച യാത്രാനുഭവം നൽകാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
ഇരു നഗരങ്ങൾക്കുമിടയിൽ യാത്രാക്കാരുടെ തിരക്ക് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആരംഭിച്ച ഈ പുതിയ റൂട്ട്, ബിസിനസ്സ്-വിനോദസഞ്ചാര യാത്രക്കാർക്ക് കൂടുതൽ മികച്ച ഓപ്ഷനുകൾ നൽകുന്നതോടൊപ്പം സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക-വിനോദസഞ്ചാര ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുകയും ചെയ്യും.
