തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ആർഎസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. കാര്‍ഷിക സര്‍വകലാശാല വിസിയെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്നും സര്‍ക്കാര്‍ പട്ടിക തള്ളി ഗവര്‍ണര്‍ നടത്തുന്ന നിയമനങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നടപടിയെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ നല്കിയ പട്ടിക വെട്ടി, കാര്‍ഷിക സര്‍വകലാശാലയിലെ താല്‍ക്കാലിക വി.സിയായി സംഘ്പരിവാര്‍ ബന്ധമുള്ള ടി. സജിതാ റാണിയെ കേരള ഗവര്‍ണര്‍ നിയമിച്ചതാണ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ സര്‍വകലാശാലകളില്‍ നിശബ്ദമായും അല്ലാതെയും സംഘ്പരിവാറിന്റെ കൈയേറ്റം നടക്കുന്നു. സര്‍വകലാശാലകള്‍ രാഷ്ട്രീയ അധികാരപ്രകടനത്തിന്റെ വേദികളായി മാറുമ്പോള്‍ അക്കാദമിക സ്വാതന്ത്ര്യവും ഗവേഷണാന്തരീക്ഷവും ദുര്‍ബലമാകുന്നുവെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.
നിയമനങ്ങള്‍ ആശയപരമായോ രാഷ്ട്രീയവിശ്വസ്തതയുടെ അടിസ്ഥാനത്തിലോ നടക്കുന്നു എന്ന സംശയംപോലും പൊതുജനങ്ങളില്‍ ഉണ്ടാകുന്നത് അപകടകരമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഒരു വൈസ് ചാന്‍സലറുടെ ആദ്യ യോഗ്യത അക്കാദമിക മികവും ഭരണപരമായ കഴിവും സര്‍വകലാശാലയെ മുന്നോട്ട് നയിക്കാനുള്ള ദര്‍ശനവുമാകണം. രാഷ്ട്രീയ ചായ്വ് ഒരു മാനദണ്ഡമാകുന്ന നിമിഷം സര്‍വകലാശാലകള്‍ സ്വതന്ത്ര വിജ്ഞാനകേന്ദ്രങ്ങളില്നിന്ന് അധികാരത്തിന്റെ വിപുലീകരണങ്ങളായി മാറിത്തുടങ്ങുമെന്നും സുപ്രഭാതം വ്യക്തമാക്കി.
