റിയാദ്: അന്താരാഷ്ട്ര സൈബർ സുരക്ഷാ രംഗത്ത് ആധിപത്യം തുടർന്ന് സൗദി അറേബ്യ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പുറത്തുവിട്ട ‘വേൾഡ് കോംപറ്റിറ്റീവ്നെസ്സ് ഇയർബുക്ക് 2026’ റിപ്പോർട്ട് പ്രകാരം ആഗോള സൈബർ സുരക്ഷാ സൂചികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നിലനിർത്തി. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് രാജ്യം ഈ മുൻനിര സ്ഥാനം കാത്തുസൂക്ഷിക്കുന്നത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ദീർഘവീക്ഷണത്തോടെയുള്ള പിന്തുണയും നിർദേശങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷാ വ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൂണായാണ് സൈബർ സുരക്ഷയെ രാജ്യം കാണുന്നത്. ദേശീയ സൈബർ സുരക്ഷാ അതോറിറ്റിയുടെ രൂപീകരണവും, സാങ്കേതിക പങ്കാളിയായ സൗദി ഇൻഫർമേഷൻ ടെക്നോളജി കമ്പനിയുടെ മികച്ച ഇടപെടലുകളും ഈ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമായി. ആഗോളതലത്തിൽ തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രതിരോധ സംവിധാനമാണ് രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്.
ആഗോള സൈബർ സുരക്ഷയിൽ ലോകത്ത് ഒന്നാമതായി സൗദി
