പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച: പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും ക്ഷേത്രത്തിൽ നിന്നും നഷ്‌ടമായിട്ടില്ലെന്നും ക്ഷേത്രഭരണസമിതി അറിയിച്ചു. പൊലീസ് റിപ്പോർട്ടിനെതിരെ ഭരണസമിതി സർക്കാരിന് കത്ത് നൽകിയേക്കും.

ത്രീ ടയർ സുരക്ഷയ്ക്ക് ഇടയിലും പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലും ഡിജിപി നൽകിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. രാജ്യത്തെ അതീവ സമ്പന്നവും അതീവ സുരക്ഷയുള്ളതും കോടതിയുടെ മേൽനോട്ടത്തിലുമുള്ള ക്ഷേത്രത്തിൽ നിന്ന് അമൂല്യ വസ്തുക്കൾ കാണാതായെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്.
ഇന്റലിജൻസ് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൊട്ടാരം അംഗമായ ആദിത്യ വർമ്മയുമായി ബന്ധമുള്ള ചിലർക്ക് യഥേഷ്ടം രാജകുടുംബത്തിന് പ്രവേശിക്കാനുള്ള പ്രത്യേക വാതിലിലൂടെ ക്ഷേത്രത്തിലേക്ക് പരിശോധനകളില്ലാതെ കയറാനും ഇറങ്ങാനും അടക്കം സാധിക്കുന്നുവെന്നും റിപ്പോർട്ട് വിശദമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *