ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും ഏഷ്യൻ ​ഗെയിംസ് സ്വർണ മെഡൽ ജേതാവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു (49). വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിനു ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി അത്‌ലറ്റായും കോച്ചായും ഇന്ത്യൻ ഷൂട്ടിങ് മേഖലയ്ക്ക് കനപ്പെട്ട സംഭാവന നൽകിയ ജസ്പാൽ റാണയുടെ അകാലത്തിലുള്ള വിയോ​ഗം ഇന്ത്യൻ കായിക രം​ഗത്തിനു കനത്ത നഷ്ടമാണ്. കായിക രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. 2020ൽ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നൽകി രാജ്യം ആദരിച്ചു.

ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് ആൻജിയോപ്ലാസ്റ്റി വഴി സ്റ്റെണ്ട് സ്ഥാപിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിങ് ഡിയോ ആണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *