ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ശുഭ്മാൻ ഗില്‍

മുള്ളൻപൂർ: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍. ഇന്ത്യൻ ടെസ്റ്റ് ടീം നായകസ്ഥാനം ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ഗിൽ ക്യാപ്റ്റനായ ശേഷമുള്ള ടെസ്റ്റ് ബാറ്റിംഗ് ശരാശരിയില്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഫ്ഗാനിസ്ഥാനെതിരെ മുള്ളൻപൂർ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഗിൽ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.

ആദ്യ ദിനം 103 റൺസുമായി പുറത്താകാതെ നിന്ന ഗിൽ, രണ്ടാം ദിനത്തിൽ 126 റൺസെടുത്ത് (177 പന്തുകൾ) പുറത്തായിരുന്നു. നായകനെന്ന നിലയിൽ 9 മത്സരങ്ങളില്‍ നിന്ന് 82.76 ശരാശരിയില്‍ ആറ് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം1076 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ കുറഞ്ഞത് 1000 റൺസെങ്കിലും നേടിയ ക്യാപ്റ്റൻമാരുടെ ബാറ്റിംഗ് ശരാശരിയിൽ സാക്ഷാൽ ഡോൺ ബ്രാഡ്‌മാന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ശുഭ്മാൻ ഗിൽ. നായകനെന്ന നിലയിൽ 82.8 എന്ന അവിശ്വസനീയ ബാറ്റിംഗ് ശരാശരിയിലാണ് ഗിൽ റൺസ് അടിച്ചുകൂട്ടുന്നത്. നായകനായ ശേഷം കുമാർ സംഗക്കാര (69.6), സ്റ്റീവ് സ്മിത്ത് (68.1), മഹേല ജയവർധനെ (59.1) എന്നിവരെയെല്ലാം പിന്നിലാക്കിയാണ് ഗില്ലിന്‍റെ കുതിപ്പ്. 2025-ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്തത്. ഇതിന് ശേഷമുള്ള ഗില്ലിന്‍റെ ആറാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. ക്യാപ്റ്റനായ ശേഷം നേടിയ അർധസെഞ്ചുറികളിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം സെഞ്ചുറിയാക്കി മാറ്റാനും ഗില്ലിന് സാധിച്ചു.

ക്യാപ്റ്റനായ ശേഷം കളിച്ച 9 ടെസ്റ്റിലെ 15 ഇന്നിംഗ്സുകളില്‍ 147(227), 8(16), 269(387), 161(162), 16(44), 6(9) 12(23), 103(198), 21(35), 11(9), 50(100), 129(196), 13(15), 4(3), 126(177) എന്നിങ്ങനെയാണ് ഗില്ലിന്‍റെ പ്രകടനം. 2000 നുശേഷം ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാരില്‍ വിരാട് കോലിക്ക്(20) പിന്നില്‍ രണ്ടാമതാണ് ഗില്‍ ഇപ്പോള്‍. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ നായകന്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് ഗില്‍ ഇപ്പോള്‍. വിരാട് കോലി(20), സുനില്‍ ഗവാസ്കര്‍(11), മുഹമ്മദ് അസറുദ്ദീന്‍(9), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(7) എന്നിവരാണ് ഗില്ലിന് മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *