റിയാദ്: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. പ്രവാസികളടക്കം നിരവധിപേർ തട്ടിപ്പിനിരയായ സാഹചര്യത്തിലാണ് ഓർമപ്പെടുത്തൽ. കഴിഞ്ഞ ദിവസം രണ്ട് മലയാളി നഴ്സുമാർ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്നും പറഞ്ഞ് വിളിച്ചാണ് നിലവിലെ തട്ടിപ്പ്. മൊബൈലിൽ വിളിച്ച് OTP നമ്പർ കൈക്കലാക്കിയാണ് കവർച്ച. അബ്ഹയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർ കഴിഞ്ഞ ദിവസം ഇത്തരം സംഘങ്ങളുടെ കെണിയിൽ പെട്ടിരുന്നു. തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ഓർമപ്പെടുത്തി. നിരവധി പ്രവാസികൾ സമാന രീതിയിലുള്ള തട്ടിപ്പിനിരയായതായി പരാതി നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക നടപടികളുടെ പേരിൽ വിളിക്കുകയും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ച് OTP നമ്പർ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് രീതി. സോഷ്യൽ മീഡിയകൾ വഴി തട്ടിപ്പ് നടത്തുന്ന ഇത്തരക്കാർക്കിടയിൽ മലയാളി സംഘങ്ങളും സജീവമാണ്. OTP, ബാങ്ക് വെരിഫിക്കേഷൻ കോഡ്, Nafath അല്ലെങ്കിൽ Absher അംഗീകാര അഭ്യർഥനകൾ തുടങ്ങിയവ ഒരിക്കലും മറ്റൊരാൾക്ക് കൈമാറരുതെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.
സൗദിയിൽ മലയാളി നഴ്സുമാർ തട്ടിപ്പിനിരയായ സംഭവം മുന്നറിയിപ്പ് നൽകി രാജ്യം
