ഹരാരെ: സിംബാബ്‍വെക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ അതിൽ നിർണായകമായത് 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ താരം അർധ സെഞ്ച്വറി നേടി. ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കി.
മൂന്നാം മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റണ്‍സാണ് ഈ ഇടം കൈയന്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇതിനൊപ്പം താരം ഒരു റെക്കോർഡും സ്വന്തം പേരിലാക്കി. പുരുഷ ടി20 ചരിത്രത്തില്‍ 16 വയസ് തികയുന്നതിന് മുൻപ് ഒന്നിലധികം അര്‍ധ ശതകങ്ങള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡും കൗമാര വിസ്മയം സ്വന്തം പേരിലാക്കി.
സിംബാബ്‍വെയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ വെറും 19 പന്തുകളില്‍ നിന്ന് അര്‍ധ ശതകം നേടിയ വൈഭവ്, പുരുഷ ടി20 ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നേരത്തെ മാറിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നു 50.33 ശരാശരിയിലും 196.10 സ്‌ട്രൈക്ക് റേറ്റിലും 151 റണ്‍സാണ് താരം നേടിയത്.
