കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി

പാലക്കാട്: പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി. 4 മാസമായി 4000 രൂപ കിട്ടുന്നില്ലെന്ന് വിനോദിനിയുടെ അമ്മ പ്രസീത വിശദമാക്കി. പണം കിട്ടിയത് രണ്ടു മാസം മാത്രമാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് പണം പ്രഖ്യാപിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പണം ലഭിച്ചിരുന്നു. പത്തുവയസ്സുകാരി വിനോദിനിക്ക് സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം സ്നേഹസമ്മാനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ എത്തിച്ചിരുന്നു. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്കൂളിലെ വിദ്യാർത്ഥിനിയാണ് വിനോദിനി.നേരത്തെ ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവ് മൂലം വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.

കൈ മുറിച്ച് മാറ്റേണ്ടി വന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വിഷയത്തിൽ ഇടപെടുകയും കുട്ടിയുടെ വലതുകൈ ചലിപ്പിക്കുന്നതിനായി കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയുമായിരുന്നു. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും വിഡി സതീശൻ തന്നെയാണ് നൽകിയത്. ഇതിനായി പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.

കൊച്ചിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച കൃത്രിമ കൈ കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളത്തെ ‘ഹോപ്പ്’ എന്ന സ്ഥാപനത്തിൽ വെച്ച് വിനോദിനിക്ക് വെച്ചുപിടിപ്പിച്ചത്. അന്ന് കൈ വെച്ചുപിടിപ്പിച്ചതിന് പിന്നാലെ വിഡി സതീശൻ നേരിട്ടെത്തി വിനോദിനിക്ക് ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *