കൊല്ലം: സംസ്ഥാനത്തെ ഐ.പി.എസുകാരുടെ ഡെപ്യൂട്ടേഷൻ തസ്തിക സംബന്ധിച്ച് വ്യക്തതയില്ല. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേരള കേഡറിലുള്ള 172 ഐ.പി.എസ്. ഉദ്യോഗസ്ഥരിൽ 37 പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലും 23 പേർ സംസ്ഥാന ഡെപ്യൂട്ടേഷനിലും പോകണം. എന്നാൽ ഒരുകാലത്തും ഇത്രയും തസ്തികകളിൽ ഡെപ്യൂട്ടേഷൻ നൽകാറില്ല. ആകെയുള്ള 60 ഡെപ്യൂട്ടേഷൻ തസ്തികകളിൽ പകുതിയിൽ താഴെ മാത്രമേ നിയമനം നടത്താറുള്ളൂ. ഡി.ജി.പി, എ.ഡി.ജി.പി. തസ്തികകൾ നിലനിർത്താൻ ഐ.പി.എസ് തസ്തികകളുടെ എണ്ണം പെരുപ്പിച്ചുകാട്ടാനാണ് നിയമനം നടത്താതെ ഡെപ്യൂട്ടേഷൻ തസ്തികകൾ കൂട്ടിക്കാണിക്കുന്നതെന്ന് സേനയ്ക്കുള്ളിൽ തന്നെ വിമർശനമുണ്ട്.
ഐ.ബി, സി.ബി.ഐ., എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികളിലേക്ക് ഉദ്യോഗസ്ഥരുടെ അനുവാദം ചോദിക്കാതെ ഡെപ്യൂട്ടേഷൻ നൽകാമെന്നിരിക്കെയാണ് പകുതിപ്പേരെ മാത്രം ഡെപ്യൂട്ടേഷന് അയയ്ക്കുന്നത്. സംസ്ഥാന ഡെപ്യൂട്ടേഷൻ തസ്തികകൾ ഏതൊക്കെയാണെന്ന കാര്യത്തിൽ പൊതുഭരണവകുപ്പ് വ്യക്തതവരുത്തിയിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകില്ല. ആകെ 60 ഡെപ്യൂട്ടേഷൻ തസ്തികകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചാണ് ആകെ കേഡർ ബലം 172 ആക്കി നിലനിർത്തിയിരിക്കുന്നത്. 172 ഐ.പി.എസ്. ഉദ്യോഗസ്ഥരുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി, ഡി.ജി.പി തസ്തികകൾ അനുവദിച്ചിട്ടുള്ളത്.
മുകൾത്തട്ട് തസ്തികകൾ വർധിപ്പിക്കാൻ വേണ്ടി ഡെപ്യൂട്ടേഷൻ തസ്തികകൾ പെരുപ്പിച്ചുകാണിക്കുകയാണെന്നാണ് ആരോപണം. പോലീസിന്റെ സിവിൽ ലിസ്റ്റനുസരിച്ച് ഇക്കൊല്ലം ജനുവരി ഒന്നിന് 146 ഐ.പി.എസ് ഉദ്യോഗസ്ഥർ മാത്രമേയുള്ളു. എസ്.പി.മുതൽ മുകളിലേക്കുള്ള സീനിയർ ഡ്യൂട്ടി പോസ്റ്റുകൾ സംസ്ഥാനത്ത് ആകെ എണ്ണം 94 ആണ്. ഇതിന്റെ 40 ശതമാനമായ 37 തസ്തികകളാണ് പരമാവധി കേന്ദ്ര ഡെപ്യൂട്ടേഷൻ നൽകേണ്ടത്. 25 ശതമാനമായ 23 വരെ സംസ്ഥാന ഡെപ്യൂട്ടേഷൻ തസ്തികകൾ നൽകാം. എന്നാൽ മിക്കപ്പോഴും മൂന്നോ നാലോ പേരെ മാത്രമാണ് സംസ്ഥാന ഡെപ്യൂട്ടേഷനിലേക്ക് വിടുന്നത്. 23 സംസ്ഥാന ഡെപ്യൂട്ടേഷൻ തസ്തികകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നാണ് സേനയ്ക്കുള്ളിൽ നിന്നുയരുന്ന ആവശ്യം.
