റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മോസ്കോ: റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിിൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ മരിച്ചു. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവൻ കേണൽ ദമീർ ദവിദോവാണ് കൊല്ലപ്പെട്ടത്. മോസ്കോയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. റഷ്യൻ തലസ്ഥാനത്തിന്റെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ എന്ന നഗരത്തിലാണ് സ്ഫോടനമുണ്ടായത്. 57കാരനായ ദമീർ ദവിദോവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്.യു.വി കാർ പൂർണമായും സ്ഫോടനത്തിൽ തകർന്നു.

റഷ്യ യുക്രെയ്നിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യൻ മണ്ണിൽ വെച്ച് യുദ്ധത്തെ അനുകൂലിക്കുന്ന പ്രമുഖരെയും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടക്കുന്ന തുടർച്ചയായ കൊലപാതക പരമ്പരകളിലെ ഒടുവിലത്തെ സംഭവമാണിത്. ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെ ദവിദോവ് വാഹനം ഓടിച്ചു പോകുമ്പോഴാണ് കാറിനടിയിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ വാഹനം പൂർണ്ണമായും തീപിടിക്കുകയും നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. സ്ഫോടനം നടന്നയുടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കത്തുന്ന കാറിനുള്ളിൽ നിന്ന് ദവിദോവിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം അധികം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

റഷ്യൻ സായുധ സേനയിലേക്ക് വെടിക്കോപ്പുകളും ആയുധങ്ങളും വിതരണം ചെയ്യുന്ന പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്ന തന്ത്രപ്രധാനമായ പദവിയായിരുന്നു 57 കാരനായ ദമീർ ദവിദോവ് കൈകാര്യം ചെയ്തിരുന്നത്. വിവരം പ്രസിഡന്റ് വ്ലാഡിമർ പുടിനെ അറിയിച്ചതായാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചിട്ടുള്ളത്. ആക്രമണത്തിന് പിന്നിൽ യുക്രൈൻ ആണെന്നാണ് ക്രെംലിൻ വക്താവ് പരോക്ഷമായി വിശദമാക്കിയത്. സംഭവത്തിൽ റഷ്യൻ ജനപ്രതിനിധികളും മുൻ സൈനിക ജനറൽമാരും കടുത്ത അമർഷം രേഖപ്പെടുത്തുകയും ഇത്തരം ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *