വിമർശനങ്ങൾ ബാധിക്കാറില്ലെന്ന് വിസ്മയ

കൊച്ചി : തുടക്കം എന്ന ചിത്രത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. ജൂ‍ഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റിൽ തിയറ്ററുകളിൽ എത്തും. ഇതിനിടെ സിജെപി പ്രതിഷേധത്തെ പിന്തുണച്ച് കൊണ്ട് വിസ്മയ രം​ഗത്ത് എത്തിയത് ഏറെ ചർച്ചയായി മാറിയിരുന്നു. കടുത്ത വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു. ഇപ്പോഴിതാ വിമർശനങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് പറയുകയാണ് വിസ്മയ മോഹൻലാൽ.

​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിസ്മയ മോഹൻലാലിന്റെ പ്രതികരണം. സിജെ പ്രതിഷേധത്തെ മുൻനിർത്തി, താരപുത്രിയായതിനാൽ ജീവിതം ഒരു മൈക്രോസ്‌കോപ്പിലായെന്നോ ഗോള്‍ഡ് ഫിഷ് ജീവിതം ആയെന്നോ തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിസ്മയ.

‘സത്യം പറഞ്ഞാൽ മൈക്രോസ്‌കോപ്പിനുള്ളിലാണ് ഞാൻ ജീവിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ കൂടുതലും കേരളത്തിന് പുറത്താണ് ജീവിച്ചത്. ഊട്ടിയിൽ. അതുകൊണ്ട് ആളുകൾ എന്നെ നിരീക്ഷിക്കുകയാണെന്ന തോന്നൽ ഉണ്ടായിട്ടില്ല. ആളുകള്‍ ജഡ്ജ് ചെയ്യും. കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ. ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും. അച്ഛനെ നടനായി ചിലർ ഇഷ്ടപ്പെടാറുണ്ട്. ചിലർ ഇഷ്ടപ്പെടില്ല. ആ അഭിപ്രായങ്ങളുടെ സ്വാധീനം എനിക്കും നേരിടേണ്ടി വരും. അത് സ്വാഭാവികമായ കാര്യങ്ങളാണ്. പക്ഷേ, അതൊന്നും ഞാൻ മനസ്സിൽ വയ്ക്കാറില്ല. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളൊന്നും നോക്കാറേ ഇല്ല. എയര്‍പോര്‍ട്ടില്‍ അച്ഛന്റെ കൂടെ പോകുമ്പോഴൊക്കെ ഒരുപാട് പേര്‍ എന്നെ നോക്കും. അതല്ലാതെ മറ്റൊന്നും എനിക്ക് വലിയ പ്രശ്നമായി തോന്നിയിട്ടില്ല’, എന്നായിരുന്നു വിസ്മയ മോഹൻലാലിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *