ഡൽഹി: ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീം കാവി നിറത്തിലുള്ള ജേഴ്‌സി ധരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദം. ആരാധകരുടെയും ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. രാജ്യത്തിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരേന്‍ റാസ്‌കിന്‍ഹ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തി. ഇന്ത്യന്‍ ഹോക്കിയുടെ ഐഡന്റിറ്റിയുമായി ദീര്‍ഘകാലമായി ഇഴചേര്‍ന്നുനില്‍ക്കുന്ന നീല നിറം മാറ്റിയത് ലജ്ജാകരമാണെന്നാണ് റാസ്‌കിന്‍ഹ വിമര്‍ശിച്ചത്.
വിമര്‍ശനങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ഹോക്കി ഇന്ത്യ രംഗത്തെത്തി. കളിക്കാരുടെയും പരിശീലകരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും സാങ്കേതികപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നുമാണ് ഫെഡറേഷന്റെ വിശദീകരണം. ”യൂണിഫോം കളര്‍ മാറ്റാനുള്ള തീരുമാനം കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ശുപാര്‍ശകളുടെയും അവരുമായുള്ള വിശദമായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഇതില്‍ പ്രധാന കാരണം സാങ്കേതികപരമാണ്. നിലവിലെ അന്താരാഷ്ട്ര ഹോക്കി ടര്‍ഫുകളുടെ സാധാരണ നിറം നീലയാണ്. അതിനാല്‍ നീല നിറത്തിലുള്ള ജേഴ്‌സി ആശയക്കുഴപ്പമുണ്ടാക്കും.” ഹോക്കി ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
