ഡൽഹി: എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധശേഷി എന്നിവയിൽ പ്രധാനപങ്കുവഹിക്കുന്ന ഘടകമാണ് വിറ്റാമിൻ ഡി. ശരീരം ഉത്പാദിപ്പിക്കുന്ന ഏക വിറ്റാമിനാണിത്. ചർമം സൂര്യപ്രകാശത്തിന്റെ സഹായത്തോടെയാണ് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നത്. വിറ്റാമിൻ ഡിയും അൽഹ്സൈമേഴ്സും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ന്യൂറോളജി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രക്തത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് മുതിർന്നവരിൽ അൽസ്ഹൈമേഴ്സിനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തിൽ ഗവേഷകർ പറയുന്നു. വിറ്റാമിൻ ഡി കുറവുള്ളവരിൽ അല്ലാത്തവരെ അപേക്ഷിച്ച് ഡിമെൻഷ്യക്കുള്ള സാധ്യത കൂടുതലാണ്. മിതമായ തോതിൽ വിറ്റാമിൻ ഡി കുറവുള്ളവരിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത 53 ശതമാനം കൂടുതലാണന്ന് കണ്ടെത്തി. ഗുരുതരമായ തോതിൽ വിറ്റാമിൻ ഡി കുറവുള്ളവരിൽ രോഗസാധ്യത 125 ശതമാനമായി കൂടുന്നുമുണ്ട്. സമാനമായി വിറ്റാമിൻ ഡി കുറവുള്ളവരിൽ അൽസ്ഹൈമേഴ്സിനുള്ള സാധ്യത 69 ശതമാനവും ഗുരുതരമായ തോതിൽ കുറഞ്ഞവരിൽ 122 ശതമാനവുമാണെന്ന് കണ്ടെത്തി.
