വടകര: ഉണ്ടായിരുന്ന പാടങ്ങൾ നികത്തി, ഉള്ള പാടങ്ങൾ തരിശിട്ട്, അരിക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്നവരേ… ഈ അതിഥിത്തൊഴിലാളി പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ അന്നം ഇവിടെത്തന്നെയുണ്ട്. ബിഹാറിൽനിന്ന് കേരളത്തിലെത്തി തെങ്ങുകയറ്റജോലിചെയ്യുന്ന സിയാ ഉൽ ഹഖ് എന്ന നാല്പത്തയഞ്ചുകാരൻ സ്വന്തമായി അരി ഉത്പാദിപ്പിച്ച് തെളിയിക്കുന്നത് അതാണ്. വടകര തിരുവള്ളൂർ പഞ്ചായത്തിലെ ശാന്തിനഗറിൽ രണ്ടേക്കർ പാടം പാട്ടത്തിനെടുത്താണ് സിയ നെൽക്കൃഷി ചെയ്തത്. വിത്ത് കൊണ്ടുവന്നത് ബംഗാളിൽനിന്ന്. കൊയ്ത്തുകഴിഞ്ഞപ്പോൾ രണ്ട് ടൺ നെല്ല് കിട്ടി. അത് സംസ്കരിച്ച് അരിയാക്കിമാറ്റി സ്വന്തം ആവശ്യത്തിനുള്ളതെടുത്ത് ബാക്കി മലയാളികൾക്കുതന്നെ വിൽക്കുകയാണ്. അതും പൊന്നി അരിക്കു തുല്യമായത്. ഇഷ്ടംപോലെ വൈക്കോലും ലഭിച്ചപ്പോൾ പശുവളർത്തലും തുടങ്ങാൻപോകുന്നു. നെല്ലും വൈക്കോലും ഒപ്പം പശുവളർത്തലും ഇഴചേർന്ന കേരളീയ കാർഷികസംസ്‌കൃതി ഒരു അതിഥിത്തൊഴിലാളി തിരിച്ചുപിടിക്കുന്നു.
മണ്ണിൽ പൊന്നുവിളയിച്ച് അതിഥി തൊഴിലാളി
