ഇസ്ലാമാബാദ്: പാകിസ്ഥാൻ അധീന കശ്മീരിലെ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാക് അധീന കശ്മീർ തൻ്റെ രണ്ടാമത്തെ വീടാണെന്ന് പറഞ്ഞ നവാസ് ഷരീഫ്, മേഖലയുടെ വികസനത്തിന് മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആഴ്ച പാക് അധീന കശ്മീരിൻ്റെ തലസ്ഥാനമായ മുസാഫറാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് നവാസ് ഷരീഫ് തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചത്. പാക് അധീന കശ്മീരിൽ തുടരുന്ന ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് നവാസ് ഷരീഫിൻ്റെ ഈ ആഗ്രഹം. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിൻ്റെ സഹോദരൻ കൂടിയാണ് നവാസ് ഷരീഫ്.
“ഇത് എൻ്റെ രണ്ടാമത്തെ വീടാണ്. എൻ്റെ പൂർവികർ കശ്മീരിൽനിന്ന് കുടിയേറിയവരാണ്. എൻ്റെ പാർട്ടി വിജയിച്ചാൽ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് എന്നെ പാക് അധീന കശ്മീരിൻ്റെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടും. അതുവഴി എനിക്ക് മേഖലയുടെ വികസനത്തിന് മേൽനോട്ടം വഹിക്കാം”- നവാസ് ഷരീഫ് തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പാക് അധീന കശ്മീർ സംഷർഷഭരിതമായിരുന്നു. മുസാഫർബാദ്, റാവലകോട്ട്, മിർപുർ, സുധ്നോതി എന്നീ പ്രധാന നഗരങ്ങളിലാണ് ജമ്മു കശ്മീർ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സബ്സിഡി നിരക്കിൽ ഗോതമ്പ് അനുവദിക്കണം, വൈദ്യുത താരിഫ് കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളും ജീവൽ പ്രശ്നങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംഘർഷത്തിൽ 30 ഓളം കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്കെതിരെ നടന്ന സൈനിക നടപടിക്കെതിരെ ഇന്ത്യ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം ഈ മാസം 27 മുതൽ ഓഗസ്റ്റ് 10 വരെയാണ് പാക് അധിന കശ്മീരിലെ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 53 സീറ്റുകളിൽ 45 സീറ്റുകളിലേക്കാണ് മൂന്നുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. നവാസ് ഷരീഫിൻ്റെ പാകിസ്ഥാൻ മുസ്ലീം ലീഗ് – നവാസും ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.
