ലോകകപ്പ് ഫൈനലിന് പിന്നാലെ അർജന്‍റീനയും സ്പെയിനും വീണ്ടും നേർക്കുനേർ

മാഡ്രിഡ്: ലോകകപ്പ് ഫൈനലിന്‍റെ ആവേശം അടങ്ങും മുൻപേ ഫുട്ബോൾ ആരാധകർക്ക് ആവേശത്തിലാഴ്ത്തി വീണ്ടുമൊരു അര്‍ജന്‍റീന-സ്പെയിന്‍ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. ഇത്തവണ ‘ഫൈനലിസിമ’ കിരീടത്തിനായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുങ്ങുന്നത്. ഈ വർഷം നവംബറിലെ ഫിഫ ഇന്‍റർനാഷണൽ വിൻഡോയിൽ യൂറോ കപ്പ് വിജയികളും കോപ്പ അമേരിക്ക ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം സംഘടിപ്പിക്കാനായി ഇരു ഫുട്ബോൾ ഫെഡറേഷനുകളും സജീവ ചർച്ചകളിലാണെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു. 2022ലെ ലോകകപ്പ് ഫൈനലിന് വേദിയായ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തെയാണ് പ്രധാന വേദിയായി പരിഗണിക്കുന്നത്.

നേരത്തെ ലോകകപ്പിന് മുമ്പ് ഈ വർഷം മാർച്ച് 27-ന് ഖത്തറിൽ വെച്ച് മത്സരം നടത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു. തുടർന്ന് ഇരുടീമുകളും മറ്റ് തീയതികൾ ആലോചിച്ചെങ്കിലും ധാരണയിലെത്താനായില്ല. എന്നാലിപ്പോൾ നവംബറിലെ ഫിഫ വിൻഡോ ഉപയോഗപ്പെടുത്തി മത്സരം പൂർത്തിയാക്കാനാണ് നീക്കം. 1993-ൽ ‘ആർട്ടെമിയോ ഫ്രാഞ്ചി കപ്പ്’ എന്ന പേരിൽ നടന്ന പോരാട്ടത്തിൽ ഡിയേഗോ മറഡോണയുടെ അർജന്‍റീന അന്നത്തെ യൂറോപ്യൻ ചാമ്പ്യന്മാരായ ഡെന്മാർക്കിനെ തോൽപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *