കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം.
രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു.
കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. കുട്ടികളിലും വയോജനങ്ങളിലും നിര്‍ജ്ജലീകരണം അപകടസാധ്യത കൂട്ടും.
*എന്താണ് ഷിഗെല്ല രോഗം?*
ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം,ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളെരെ പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രേത്യേക ജാഗ്രത വേണം.
