‘സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?’; തുറന്നു ചോദിച്ച് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് ഹൈക്കോടതി. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ ലംഘിച്ച പൊലീസിന്‍റെ നിലപാടിനെതിരെ ഇപ്പോൾ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കേസ് ഏൽപ്പിക്കപ്പെട്ടിട്ടുള്ള സ്പെഷ്യൽ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുള്ള നടപടികൾ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇത്തരം ഔപചാരികതകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ റിമാൻഡ് പരിഗണിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ റാമിനെ വിട്ടയച്ചത്.

കേസിൽ പൊലീസ് അതീവ അശ്രദ്ധമായി പെരുമാറിയെന്നും പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യം ഒരുക്കുകയായിരുന്നോ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റാമും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഡോ. എം കെ റാം കീഴടങ്ങാൻ പൊലീസ് കാത്തിരിക്കുകയായിരുന്നു എന്ന വിമർശനവും ഉയർന്നുവന്നു. പണത്തിന് മീതേ പരുന്തും പറക്കില്ലേയെന്നും പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണോ നിലനിൽക്കുന്നതെന്നും ചോദിച്ച കോടതി, സുപ്രീംകോടതിയുടെ ഗൈഡ് ലൈൻസ് അറിയാത്തവിധമാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ആവർത്തിച്ചു.

ഒരു ഡിവൈഎസ്പി നേതൃത്വം കൊടുത്ത അന്വേഷണത്തിൽ ഇത്തരം വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും ഈ ജോലി ചെയ്യാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണസംഘത്തെ മാറ്റി തലയുരാൻ സർക്കാരിന് ആകില്ലെന്നും സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ചോദിച്ച ഹൈക്കോടതി, ഇവിടെയുള്ള സംവിധാനങ്ങൾ പൂർണ്ണ പരാജയമാണെന്ന് കടുപ്പിച്ചു പറഞ്ഞു. പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ഓർമ്മിപ്പിച്ച കോടതി, സാധാരണക്കാരന് നീതി നടപ്പാക്കാനാണ് പൊലീസെന്ന കാര്യവും ചൂണ്ടിക്കാട്ടി.

വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി, സംഭവത്തിൽ വെള്ളിയാഴ്ച്ചയ്ക്കകം വിശദീകരണം നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചു. അതിനൊപ്പം കേസിന്‍റെ രേഖകൾ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ആവശ്യപ്പെടുകയും കേസ് പരിഗണിച്ച ജഡ്ജിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *