വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് സ്ഥാനമൊഴിയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ കാരലൈൻ ലെവിറ്റ് പദവിയൊഴിയുമെന്നും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് അവർ സ്ഥാനമൊഴിയുന്നതെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. അതേസമയം, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ഒഴിയുമെങ്കിലും ലെവിറ്റ് തന്റെ ഉപദേശകയായി തുടരുമെന്നും ട്രംപ് അറിയിച്ചു.
സ്ഥാനമൊഴിയുമെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെ സ്ഥിരീകരണവുമായി കാരലൈൻ ലെവിറ്റും സാമൂഹികമാധ്യമത്തിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. വൈറ്റ് ഹൗസ് പോഡിയത്തിൽ പ്രസിഡന്റിന് വേണ്ടി സംസാരിക്കാനുള്ള അവസരം നൽകിയതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ടെന്ന് അവർ സാമൂഹികമാധ്യമത്തിൽ കുറിച്ചു. ലിബറൽ മാധ്യമങ്ങളെ ഉത്തരവാദിത്ത ബോധമുള്ളവരാക്കാനും പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള സത്യങ്ങൾ ജനങ്ങൾ അറിയുന്നുവെന്ന് ഉറപ്പാക്കാനും ഇക്കാലയളവിൽ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
