CPM ലെ മിർജാഫർ ആര്?

തിരുവനന്തപുരം: പാർട്ടിയെ ശത്രുപക്ഷത്തിന് ഒറ്റുകൊടുക്കുന്ന മിർജാഫർമാർ സി.പി.എമ്മിനുള്ളിൽ പിടിമുറുക്കിയെന്ന മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ തുറന്നെഴുത്ത് ചർച്ചയാകുന്നു. അച്ചടക്ക നടപടിക്ക് വിധേയനായി ഏറെക്കാലം പാർട്ടിക്ക് പുറത്ത് നിൽക്കേണ്ടിവന്ന ബി. ജയചന്ദ്രനാണ് ചർച്ചക്ക് തുടക്കം കുറിച്ചത്. നടപടിക്ക് വിധേയനായി പുറത്തായ തന്നെ പാർട്ടിയിൽ തിരിച്ചെടുത്തെങ്കിലും അഭിപ്രായം പറയാൻ ഘടകം ഇല്ലാത്തതാണ് ഇദ്ദേഹത്തിൻറെ തുറന്നെഴുത്തിന് കാരണമായതെന്ന് പറയുന്നു. മിർജാഫർമാരുടെ ചതി കാരണമാണ് തനിക്ക് പുറത്തേക്ക് പോകേണ്ടി വന്നതെന്നാണ് പരോക്ഷമായി അദ്ദേഹം പങ്കുവെക്കുന്നത്. ഇത്തരക്കാർ ഇപ്പോഴും നേതൃനിരയിലിരുന്ന് പാർട്ടിയെ ചതിക്കുകയാണോയെന്ന സംശയവും ഉയർത്തിയതോടെ ചർച്ച സജീവമായിരിക്കുകയാണ്. ദേശീയപാതയോട് ചേർന്ന് കരിയിലക്കുളങ്ങരയിലെ തണ്ണീർത്തടം നികത്താനുള്ള നീക്കത്തെ എതിർത്തതാണ് തന്നെ വേട്ടയാടാൻ കാരണമെന്നാണ് ജയചന്ദ്രൻ പറയുന്നത്. 2015 ൽ നടന്ന നികത്തൽ ശ്രമം ഏറെ വിവാദമായിരുന്നു. നിലത്തിന് ചുറ്റുമതിൽ സ്ഥാപിച്ചത് പഞ്ചായത്ത് നേതൃത്വത്തിൽ പൊളിച്ചു മാറ്റിയിരുന്നു. പാർട്ടിയുടെയും കെ.എസ്.കെ.ടി.യുവിൻറെയും കമ്മിറ്റികളാണ് നികത്തൽ അനുവദിക്കരുതെന്ന് തീരുമാനിച്ചത്.

ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ പാർട്ടി തീരുമാനപ്രകാരമുള്ള നിലപാടായിരുന്നു അന്ന് താൻ സ്വീകരിച്ചതെന്ന് ജയചന്ദ്രൻ പറയുന്നു. ഇതോടെ ഇടനിലക്കാർ മുഖാന്തരം വാഗ്ദാനങ്ങളുമായി എത്തിയെങ്കിലും അംഗീകരിച്ചില്ല. നികത്തലിന് കൂട്ടുനിന്നാൽ 10 ലക്ഷം രൂപയും പാർട്ടി ഓഫിസിനായി അഞ്ച് സെൻറ് സ്ഥലവും കെട്ടിടവും നിർമിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനു വഴങ്ങാതെ പാർട്ടി നിലപാടിനൊപ്പം നിന്നതാണ് പുറത്താകാൻ കാരണം. എന്നാൽ, വിഷയത്തിൽ പിന്നീട് തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന സമീപനം ഒരു വിഭാഗം സ്വീകരിക്കുകയായിരുന്നു. പാർട്ടിക്കുള്ളിലെ മിർജാഫർമാരാണ് ഇതിന് ചരട് വലിച്ചെതെന്നും ആദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *