യൂത്ത് കോൺ​ഗ്രസ് നേതാക്കളെ മർദിച്ച കേസ്: പ്രതികളുമായി തെളിവെടുപ്പ് നടത്താൻ SIT

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. മർദന രീതി പുനരാവിഷ്കരിക്കാനാണ് എസ്ഐടി നീക്കം. പ്രതികളുടെ തിരിച്ചറിയൽ പരേഡും ഇന്ന് നടക്കും. മർദനമേറ്റ എ.ഡി തോമസിനോടും അജയ് ജുവൽ കുര്യാക്കോസിനോടും ക്രൈം ബ്രാഞ്ച് ഓഫീസിലെത്താൻ നിർദേശം. സാക്ഷികളും തിരിച്ചറിയൽ പരേഡിന്റെ ഭാഗമാകും.

സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ എല്ലാക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും തെളിവെടുപ്പ്. അഞ്ചു പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ പ്രതികളെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. ഇന്ന് ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ. പ്രത്യേക അന്വേഷണ സംഘ തലവൻ എ പി ഷൗക്കത്തലിയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണമാണ് എസ്ഐടിയുടെ ലക്ഷ്യം. മർദനത്തിനു പിന്നിൽ ഗൂഢാലോചന നടന്നോ എന്നും തെളിയിക്കേണ്ടതുണ്ട്. വകുപ്പ് അനുവദിക്കാത്ത ആയുധം വച്ച് മർദ്ദിച്ചതിൽ പ്രതികൾ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

ആരുടെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് അറസ്റ്റ് ചെയ്താലും മുൻകൂർജാമ്യം ഉള്ളതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലും പ്രതികളെ വിട്ടയക്കണമെന്നാണ് കോടതി നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *