കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് സംസ്ഥാന സിഐഡി വകുപ്പിന്റെ സമന്‍സ്. നിയമസഭയിലെ വ്യാജ ഒപ്പുവിവാദത്തിലാണ് നടപടി. ജൂണ്‍1 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് അറിയിപ്പ്. പശ്ചിമബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നാമനിര്‍ദേശ കത്തിലെ എഴുപതോളം ടിഎംസി എംഎല്‍എമാരുടെ ഒപ്പുകളില്‍ പലതും വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ടിഎംസി നേതാവ് സോബന്‍ദേബ് ഛത്തോപാധ്യായെ നാമനിര്‍ദേശം ചെയ്യുന്ന കത്തിലുള്ള എംഎല്‍എമാരുടെ ഒപ്പുകള്‍ പലതും അവരുടെ സമ്മതമില്ലാതെ ഉള്‍പ്പെടുത്തിയെന്നതാണ് വിവാദത്തിന് അടിസ്ഥാനം. കത്ത് എങ്ങനെയാണ് തയ്യാറാക്കിയത്, അംഗീകാരം ലഭിച്ചത്, സമര്‍പ്പിച്ചത് അടക്കമുള്ള കാര്യങ്ങള്‍ സിഐഡി പരിശോധിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പല എംഎല്‍എമാരെയും സിഐഡി ഉദ്യോഗസ്ഥര്‍ കണ്ടിട്ടുണ്ട്. അതേസമയം തൃണമൂല്‍ വക്താവും എംഎല്‍എയുമായ കുനാല്‍ ഘോഷിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
വ്യാജ ഒപ്പ് ആരോപണത്തിൽ സിഐഡിയുടെ സമൻസ് ലഭിച്ചതിന് പിന്നാലെയാണ് സോണാര്‍പൂരില്‍ വെച്ച് അഭിഷേക് ബാനര്‍ജിക്ക് നേരെ മുട്ടയേറും കല്ലേറും ഉണ്ടായത്. ഹെല്‍മെറ്റ് ധരിച്ച് നടന്നു നീങ്ങിയ അഭിഷേകിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കി പുറത്തെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണം ബിജെപിയുടെ സ്പോണ്‍സര്‍ഷിപ്പിലാണെന്ന് അഭിഷേക് ബാനര്‍ജി ആരോപിച്ചിക്കുകയും ചെയ്തിരുന്നു.
