വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ല; മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇ.ഡി നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട ഇ. ഡി നടപടികള്‍ക്ക് സ്റ്റേ. വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇ.ഡി അന്വേഷണം തടയണമെന്ന ആവശ്യത്തില്‍ വെള്ളിയാഴ്ച വിധി പുറപ്പെടുവിക്കും. അതുവരെ നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഇന്ന് ഹൈക്കോടതിയില്‍ നടന്നത്.

ജസ്റ്റിസുമായ വി. രാജ വിജയരാഘവന്‍, കെ വിജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. ഇ ഡിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധം ചെലുത്തുന്നുവെന്നാണ് സിഎംആര്‍എല്ലിന്റെ ആരോപണം. അന്വേഷണവുമായി സഹകരിച്ചിട്ടില്ല എന്ന് ഇ. ഡിക്ക് പറയാന്‍ കഴിയില്ല. ഇ ഡിയുടെ സമന്‍സ് കോടിയില്‍ ചോദ്യം ചെയ്തത് അന്വേഷണത്തോടുള്ള നിസ്സഹകരണം അല്ല. അപ്രിയമായ രീതിയിലാണ് ഇ ഡി ഇടപെട്ടത്. ഇ ഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവം ഉണ്ട്. എഫ്‌ഐആര്‍ ഇല്ലാതെയാണ് ഇ ഡി അന്വേഷണം തുടങ്ങിയതെന്നും അധികാര പരിധി മറികടന്നാണ് ഇ ഡിയുടെ അന്വേഷണമെന്നും സിഎംആര്‍എല്‍ വാദിച്ചു.

ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ കേസെടുത്തു എന്നല്ല അര്‍ത്ഥമെന്നായിരുന്നു ഇ. ഡി കോടതിയില്‍ പറഞ്ഞത്. രേഖകള്‍ ക്രോഡീകരിച്ച് വെയ്ക്കുകയാണ് ചെയ്തത്. നടപടിക്ക് ആധാരമായ കുറ്റകൃത്യമുണ്ടെന്നും വ്യാജരേഖ ചമച്ചതടക്കമുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും ഇ.ഡി വിശദീകരിച്ചു. അന്വേഷണം നടത്താന്‍ പിഎംഎല്‍എ നിയമപ്രകാരം ഇ. ഡിക്ക് അധികാരമുണ്ടെന്നും ഇ ഡി വിശദീകരിച്ചു. പിന്നാലെ വാദം കേട്ടശേഷം വിധി പറയുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *