പുതുതലമുറയ്ക്കായി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാഠം 1 പുതുയുഗ വിദ്യാലയം’ സംസ്ഥാനതല സ്‌കൂൾ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ചടങ്ങ്.

ഗൃഹാതുരത്വം നിറഞ്ഞ തന്റെ ബാല്യകാല ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വലിയ സ്വപ്നങ്ങൾ കാണുന്ന കേരളത്തിലെ അമ്മമാരുടെ സംഭാവനകളെ പ്രത്യേകം അനുസ്മരിച്ചു. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് ഇരുവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനിലെ ഒരു സ്കൂളിൽ വിദ്യാർഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *