എൽ നിനോ പ്രതിഭാസം വീണ്ടും എത്തുന്നു; രാജ്യങ്ങൾക്കെല്ലാം ഭീഷണിയെന്ന് വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ

ന്യൂയോർക്ക്: വീണ്ടും എൽ നിനോ പ്രതിഭാസം വരുന്നു. ഈ വർഷം ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO) രംഗത്തെത്തി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കടുത്ത വരൾച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും ഇന്ത്യയിലാകെയും ഈ പ്രതിഭാസം വലിയ തിരിച്ചടിയാകും.

മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയ്ക്ക് കാരണം.
ജൂൺ മുതൽ ആരംഭിക്കുന്ന ഉയർന്ന താപനില ഓഗസ്റ്റ് മാസം വരെ തുടരും. നവംബർ മാസം വരെ എൽ നിനോ പ്രതിഭാസം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ വിലയിരുത്തുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് കടുത്ത വരൾച്ചയ്ക്കും, ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. ദക്ഷിണേഷ്യയിൽ വരൾച്ചാ ഭീഷണിയുള്ളപ്പോൾ, മധ്യേഷ്യൻ രാജ്യങ്ങളിൽ മഴ കൂടാൻ ഇത് കാരണമാകും. കൂടാതെ പസഫിക് സമുദ്രത്തിൽ ശക്തമായ ചുഴലിക്കാറ്റുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. ആഗോളതലത്തിൽ വരാനിരിക്കുന്ന വരൾച്ചയെയും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെയും നേരിടാൻ രാജ്യങ്ങൾ സജ്ജമാകണമെന്ന് യുഎൻ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *