ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെഞ്ഞെടുപ്പുകൾക്ക് ശേഷം ‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും. ഡി.എം.കെ., തൃണമൂൽ കോൺഗ്രസ് പാർട്ടികൾക്ക് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സഖ്യത്തിലും വിള്ളലുണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് ശ്രമം. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് യോഗം വിളിച്ച കാര്യം അറിയിച്ചത്.
അതേസമയം തമിഴ്നാട്ടിൽ ഡി.എം.കെ.യുമായുള്ള സഖ്യം അവസാനിപ്പിച്ച് വിജയ്യുടെ ടി.വി.കെ.യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിൽ ഡി.എം.കെ. യോഗത്തിൽ പങ്കെടുക്കില്ല. ടി.വി.കെ.യെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസിന് താത്പര്യമുണ്ടെങ്കിലും പൊതു അഭിപ്രായം വന്നിട്ടില്ല. ഇക്കാര്യത്തിലും അവ്യക്തതയുണ്ട്. ആം ആദ്മി പാർട്ടിയും ഇന്ത്യ സഖ്യവുമായി അകലത്തിലാണ്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പങ്കാളിത്തത്തിലും ഉറപ്പില്ല.
തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കും. ബി.ജെ.പി.ക്കെതിരേ ദേശീയ തലത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മമത. ഡി.എം.കെ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാരിനെതിരേ ഐക്യത്തോടെ നിൽക്കാനുള്ള മാർഗമായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക.
