മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണലിസം നടപ്പാക്കുന്നു

തിരുവനന്തപുരം: പരമ്പരാഗത ഓഫീസ് പ്രവർത്തനരീതിയിൽ നിന്ന് മാറി മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണലിസം നടപ്പാക്കുന്നു. തലസ്ഥാനത്തുള്ള മുഖ്യമന്ത്രി രാവിലെ എട്ടിന് ഓഫീസിലെത്തും. ഉച്ചയ്ക്ക് ഒന്നര വരെ മുഖ്യമന്ത്രി ഓഫീസിലുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ചുവരെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാം. തുടർന്ന് അതത് ദിവസത്തെ ഫയലുകൾ തീർപ്പാക്കിയ ശേഷം മുഖ്യമന്ത്രി മടങ്ങുന്ന രീതിയിലാണ് ക്രമീകരണം.

കൂടുതൽ വിശദീകരണം വേണ്ടതോ, ചർച്ച ചെയ്യേണ്ടതോ ആയ ഫയലുകൾ പരിശോധനയ്ക്കായി മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിദഗ്ധരുടെയും പ്രൊഫഷണലായ ആളുകളുടെയും സേവനം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്. എല്ലാ വകുപ്പുകളിലും പെട്ട പ്രധാന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരീക്ഷിക്കാനാകും. ഇതിനായി ഡാഷ് ബോർഡ് ഉണ്ടാകും. വകുപ്പുകളെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ലിങ്ക് ചെയ്യും.വകുപ്പ് സെക്രട്ടറിമാർക്കും സ്‌പെഷ്യൽ സെക്രട്ടറിമാർക്കും ദിവസവും രാവിലെ 10 മുതൽ 11 മണി വരെ മുഖ്യമന്ത്രിയെ കാണാം. തലേദിവസം അപ്പോയിന്റ്‌മെന്റ് എടുക്കണം.

പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും സെക്രട്ടേറിയറ്റിലും നിയമസഭയിലും ഇപ്പോൾ ധാരാളമായി എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ ഇതുമൂലം വലിയ തിരക്കിലമരുന്നതിനാൽ പ്രവർത്തിക്കാൻകഴിയാത്ത സ്ഥിതിയുണ്ട്. സർക്കാരിന്റെ ആദ്യകാലമെന്നനിലയിലാണ് ഇതിന് നിയന്ത്രണം ഏർപ്പെടുത്താഞ്ഞത്.ഇതിനുപരിഹാരമായി പൊതുജനങ്ങൾക്ക് ഉച്ചയ്ക്ക് മൂന്നുമുതൽ അഞ്ചുമണിവരെ സെക്രട്ടേറിയറ്റിൽ പ്രവേശനം ക്രമീകരിക്കും. ക്രമീകരണങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്താകും നടപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *