കൊച്ചി: ലൈംഗികാതിക്രമ കേസിലെ അതിജീവതയുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വദേശി ആയ ജിനു കുഞ്ഞിമോൻ (39) ആണ് അറസ്റ്റിലായത്. ഇയാൾ തന്റെ യുട്യൂബ് ,ഫെയിസ് ബുക്ക് അക്കൗണ്ടുകളിലൂടെ ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ പേരും മറ്റു പ്രധാന വിവരങ്ങളും വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചു.
എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരിയുടെ വിവരങ്ങളാണ് ഇയാൾ പുറത്തുവിട്ടത്.
ഇത്തരത്തിൽ അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടതിൽ ജിനു കുഞ്ഞിമോനെതിരെ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. തുടർന്ന് പ്രതി കൊല്ലത്തുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയും കൊല്ലത്തു വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
