ന്യൂഡൽഹി : ഇൻഡ്യ മുന്നണി യോഗത്തിൽ കടുത്ത വിമർശനം നേരിട്ട് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഡീൽ ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രചാരണം സി.പി.എമ്മും, രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജെ.എം.എമ്മും ഉന്നയിച്ചു. കോൺഗ്രസുമായുള്ള പ്രശ്നത്തെ തുടർന്ന് മുന്നണിയുമായി അകന്ന ഡി.എം.കെയെ തിരികെയെത്തിക്കണമെന്ന് യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു എന്ന് പ്രതികരിച്ച കോൺഗ്രസ്, ഡി.എം.കെയുടെ വിഷയത്തിൽ മൗനം പാലിച്ചു. ബംഗാളിൽ സഖ്യം ഒന്നിച്ചുനീങ്ങണം എന്ന മമത ബാനർജിയുടെ ആവശ്യത്തോട്, ഈ തെരഞ്ഞെടുപ്പിൽ തന്നെ അത് സാധ്യമായിരുന്നുവെന്നും സഖ്യത്തിൽ മത്സരിച്ചിരുന്നുവെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരില്ലായിരുന്നുവെന്നും രാഹുൽഗാന്ധി മറുപടി നൽകി. ബംഗാളിൽ കോൺഗ്രസിന് രണ്ടുസീറ്റ് മാത്രം തരാനാണ് ടി.എം.സി തയാറായതെന്നും രാഹുൽ പറഞ്ഞു. ഓരോ എം.എൽ.എമാരെയും എം.പിമാരെയും ബി.ജെ.പി നേരിട്ട് സമീപിക്കുകയാണെന്ന് മമത പറഞ്ഞു. മോദി സർക്കാറിന്റെ ഭരണത്തിനുകീഴിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ടുവരണമെന്ന് ഖാർഗെ ആഹ്വാനം ചെയ്തു.
വിമർശനത്തിൽ പൊള്ളി കോൺഗ്രസ്
