പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സന് കൗൺസിലർ സ്ഥാനം നഷ്ട്ടമാകും

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സന് കൗൺസിലർ സ്ഥാനം നഷ്ട്ടമാകും. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് അവധി നൽകണമെന്ന അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ തള്ളി. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യത വരും. പാലക്കാട് നഗരസഭ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീനെ വിവരം അറിയിക്കും. സംസ്ഥാന തെരത്തെടുപ്പ് കമ്മീഷനാണ് അയോഗ്യനാക്കേണ്ടത്.

ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ കോൺഗ്രസ് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രശോഭിനെ അയോഗ്യനാക്കിയാൽ യുഡിഎഫിന് 17 കൗൺസിലർമാരായി കുറയും. കുന്നത്തൂ‍ർമേട് വാർഡിലെ കൗൺസിലറാണ് പ്രശോഭ്. ഇക്കഴിഞ്ഞ മാർച്ച് മാസം 27നാണ് കോൺ​ഗ്രസ് കൗൺസിലറായിരുന്ന പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം നടിച്ച പ്രശോഭ്, താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി ബലാത്സം​ഗം ചെയ്തുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം, പാലക്കാട് ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ, മണ്ണാ‍ർക്കാട് കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പ്രശോഭിന് അനുകൂലമായ വിധി ഉണ്ടായില്ല. ഇതോടെ മെയ് 27ന് പ്രശോഭ് ടൗൺ പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *