ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്

കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ പ്രതിഷേധ പ്രകടനത്തിനു നേരെ വെടിയുതിർത്ത് പോലീസ്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരും അറസ്റ്റിലായി. പടിഞ്ഞാറന്‍ നഗരമായ ഹെരാത്തിലാണ് പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്.

ഇസ്‌ലാമിക വസ്ത്രധാരണ നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് താലിബാനും പോലീസും സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്ന് പറഞ്ഞ് താലിബാന്‍ നിരവധി സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ തുടങ്ങി. ഇതില്‍ പ്രതിഷേധിച്ചാണ് ഹെരാത്ത് നഗരത്തില്‍ സ്ത്രീകളുടെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് വടികളും ചാട്ടവാറുകളും തോക്കുകളും ഉപയോഗിച്ചതായി നാട്ടുകാരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍, പ്രതിഷേധത്തിനിടെ ആരും മരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ നടപടി എടുത്തതായും ഹിജാബ് പരിശോധന തുടരുമെന്നും പോലീസ് വ്യക്തമാക്കി. ദൈവിക കടമയായി കണക്കാക്കടുന്ന ഹിജാബിനെ എതിര്‍ക്കുന്നതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ്’ ശ്രമമെന്നും പോലീസ് പറഞ്ഞു. താലിബാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതും ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുന്നതും കണ്ടതായി ഒരു ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. വെടിയൊച്ചകളും നിരവധി സ്ത്രീകള്‍ നിലവിളിക്കുന്നതും ചില പ്രതിഷേധക്കാര്‍ ‘വിദ്യാഭ്യാസം, ജോലി, സ്വാതന്ത്ര്യം’ എന്ന് മുദ്രാവാക്യം വിളിക്കുന്നതും ഈ വീഡിയോയിൽ കേള്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *