ഉത്തരാഖണ്ഡിൽ ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചു; ഭർത്താവ് പിടിയിൽ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഡെറാഡൂണിന് സമീപം വികാസ്‌നഗറില്‍ താമസിക്കുന്ന സീമയെന്ന യുവതിയാണ് ഭര്‍ത്താവിന്റെ അതിക്രമത്തിന് ഇരയായത്. തുടർന്ന് ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തിരുന്നു. ഡൂണ്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചൊവ്വാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെന്ന് പൊലീസ് അറിയിച്ചു.ഏഴുവര്‍ഷം മുമ്പാണ് ബബ്‌ലൂ എന്നയാളെ സീമ വിവാഹം കഴിച്ചത്. ഹരിയാനയിലെ പാനിപത്ത് സ്വദേശിയായ ബബ്‌ലുവിനും സീമയ്ക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീമയും ബബ്‌ലുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

പിന്നാലെ ഇയാള്‍ ഭാര്യയെ ചവിട്ടുകയും വയറ്റില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. ഇതിന് പുറമേ മരത്തടി ഉപയോഗിച്ചും ഇയാള്‍ സീമയെ തല്ലി. ഈ അതിക്രമത്തിന്റെ ഫലമായി കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുകയാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സീമയുടെ പിതാവ് ഷേര്‍ സിങ് മകളെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ പ്രതി അത് തടഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. സിങ് പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ ദമ്പതിമാരെ സഹസ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആരോഗ്യനില മോശമായ നിലയിലാണെന്ന് മനസിലായതോടെ സീമയെ ആദ്യം സഹസ്പൂര്‍ ആശുപത്രിയിലും പിന്നീട് അവിടെ നിന്നും ഡൂണ്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പരിശോധനയില്‍ ഗർഭസ്ഥശിശു മരിച്ചെന്ന് കണ്ടെത്തുകയായിരുന്നു.

സീമയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബബ്‌ലുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി ഭാര്യയെ നിര്‍ബന്ധിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്നും അതിനായി പാനിപ്പത്തിലേക്ക് കൊണ്ടുപോയെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടി ആണെന്ന് അറിഞ്ഞതിനാലാണ് സീമയെ ഉപദ്രവിച്ചതെന്നാണ് ഇവരുടെ വാദം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രതി ഭാര്യയുടെ പേരില്‍ വാങ്ങിയ സ്ഥലം തന്റെ അറിവില്ലാതെ ഭാര്യ വില്‍ക്കുകയും പണം മാതാപിതാക്കള്‍ക്ക് നല്‍കുകയും ചെയ്തതാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞതെന്നാണ് എസ്എച്ച്ഒ പ്രദീപ് റാവത്ത് പിടിഐയോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *