കുവൈത്തിൽ വ്യോമപാത തുറന്നു; സർവീസ് പുനരാരംഭിച്ച് കുവൈത്ത്-ജസീറ എയർവേയ്‌സുകൾ

കുവൈത്ത് സിറ്റി: താൽക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത വീണ്ടും തുറന്നതോടെ കുവൈത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സും പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സും തങ്ങളുടെ സർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചു. മേഖലയിലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇന്ന് പുലർച്ചെ 4:50 മുതലായിരുന്നു കുവൈത്ത് വ്യോമപാതയിലൂടെയുള്ള വിമാന സർവീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. വ്യോമയാന സുരക്ഷയും യാത്രക്കാരുടെ സുരക്ഷിതത്വവും മുൻനിർത്തിയായിരുന്നു ഈ അടിയന്തര നടപടി.

വ്യോമപാത തുറന്ന പശ്ചാത്തലത്തിൽ തടസ്സപ്പെട്ട സർവീസുകൾ എത്രയും വേഗം പുനക്രമീകരിക്കാനുള്ള ശ്രമത്തിലാണ് എയർലൈനുകൾ. താൽക്കാലിക വിലക്ക് കാരണം യാത്ര മുടങ്ങിയവർക്ക് മറ്റ് വിമാനങ്ങളിൽ സൗകര്യമൊരുക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. ഇന്നത്തെ ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ ബുക്കിങ്ങിൽ മാറ്റം വരുത്തുന്നതിനോ യാതൊരുവിധ അധിക ഫീസും ഈടാക്കില്ല. വിമാനങ്ങൾ റീഷെഡ്യൂൾ ചെയ്യുന്ന മുറയ്ക്ക് ബാധിക്കപ്പെട്ട യാത്രക്കാരെ കമ്പനി നേരിട്ട് വിവരങ്ങൾ അറിയിക്കുമെന്ന് ജസീറ എയർവേയ്‌സും വ്യക്തമാക്കി. യാത്ര പുറപ്പെടുന്നതിന് മുമ്പായി വിമാനങ്ങളുടെ നിലവിലെ സമയം വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർ മുൻകൂട്ടി ഉറപ്പുവരുത്തണമെന്നും കമ്പനി അറിയിച്ചു. മുൻകരുതൽ നടപടികൾ പിൻവലിച്ചതോടെ കുവൈത്ത് വ്യോമപാതയിലെ വ്യോമഗതാഗതം പൂർണമായും സാധാരണ നിലയിലായതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *