കേരളത്തിലെ 10 പാർലമെന്റ് മണ്ഡലങ്ങൾ രണ്ടായി വിഭജിക്കണം, ലോക്സഭാ സീറ്റുകൾ 824 ആക്കാൻ ശുപാർശ

ന്യൂഡൽഹി: രാജ്യത്തെ 170 ലോക്സഭാ മണ്ഡലങ്ങൾ വിഭജിക്കാൻ ശുപാർശ. ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 824 ആയി ഉയർത്തണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ശുപാർശ നൽകി. ഇതിനായി 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കണമെന്നാണ് ശുപാർശ. വനിതാസംവരണത്തിന്റെ മറവിൽ കേന്ദ്രം കൊണ്ടുവന്ന മണ്ഡല പുനർനിർണയ ബില്ലുകൾ പാർലമെന്റിൽ പരാജയപ്പെട്ടതിനുപിന്നാലെയാണ് പുതിയ നിർദേശം.

കേരളത്തിലെ 20 മണ്ഡലങ്ങളിൽ പത്തെണ്ണം രണ്ടായി വിഭജിച്ച് ആകെ സീറ്റുകൾ 30 ആക്കണമെന്നും സമിതിയുടെ വർക്കിങ് പേപ്പറിൽ പറയുന്നു.
കേരളത്തിലെ കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശ്ശൂർ, ചാലക്കുടി, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണ് രണ്ടായി വിഭജിക്കുക. ഇതോടെ കേരളത്തിലെ സീറ്റുകൾ 30 ആകുമെങ്കിലും സഭയിലെ പ്രാതിനിധ്യ നിരക്കിൽ നേരിയ കുറവ് വരും. 543 സീറ്റുകളിൽ 20 സീറ്റുള്ളപ്പോൾ 3.68 ശതമാനമാണ് പ്രാതിനിധ്യമെങ്കിൽ ഇനിയത് 824-ൽ 30 ആകുമ്പോൾ 3.64 ശതമാനമായി കുറയും.

തമിഴ്നാടിന്റെ സീറ്റുകൾ 39-ൽ നിന്ന് 59 ആകുമ്പോൾ പ്രതിനിധ്യം 7.18 ശതമാനത്തിൽ നിന്ന് 7.16 ശതമാനമാകും.അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള സീറ്റുവർധന കണക്കിലെടുക്കുമ്പോൾ പ്രതിനിധ്യം നിലവിലെ 23.6 ശതമാനത്തിൽ നിന്ന് 23.7 ശതമാനമായി നേരിയ തോതിൽ വർധിക്കും. തെലങ്കാനയിലെ സീറ്റുകൾ 17-ൽ നിന്ന് 26-ഉം ആന്ധ്രപ്രദേശിലേത് 25-ൽനിന്ന് 38-ഉം കർണാടകത്തിൽ 28-ൽനിന്ന് 42-ഉം ആയി ഉയരും. ഉത്തർപ്രദേശിൽ സീറ്റുകൾ 80-ൽ നിന്ന് 120 ആയും മഹാരാഷ്ട്രയിൽ 48-ൽ നിന്ന് 72 ആയും വർധിക്കും.

രണ്ടായി വിഭജിക്കുന്ന 59 മണ്ഡലങ്ങളിൽ 22-ഉം തമിഴ്നാട്ടിലും മൂന്നായി വിഭജിക്കുന്നവയിൽ 17-ഉം ഉത്തർപ്രദേശിലുമാണ്. മഹാരാഷ്ട്ര (12), ബിഹാർ (പത്ത്), ബംഗാൾ (പത്ത്) എന്നവയാണ് മൂന്നായി വിഭജിക്കുന്ന മണ്ഡലങ്ങൾ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ. ഏതെല്ലാം മണ്ഡലങ്ങൾ എങ്ങനെ വിഭജിക്കണമെന്നതിന് പൊതു മാനദണ്ഡത്തിന് പകരം, വെവ്വേറെ രീതികളാണ് സാമ്പത്തിക ഉപദേശക സമിതിയംഗം ഷമികരവിയും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുദിത് കപൂറും ചേർന്ന് തയ്യാറാക്കിയ പേപ്പറിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *