RSS പരിപാടിയിൽ വിസിമാർ പങ്കെടുത്ത സംഭവം; മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ വി. മുരളീധരൻ

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ വി. മുരളീധരൻ എംഎൽഎ. പരിപാടിയിൽ പങ്കെടുത്തത് അപരാധമാണെന്ന് എങ്ങനെ പറയുമെന്ന് വി. മുരളീധരൻ ചോദിച്ചു. വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി. മുരളീധരൻ ആർഎസ്എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അത് വിശദീകരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയടക്കം പ്രവർത്തിക്കുന്ന സംഘടനയാണ്. ആർഎസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് ഇവർ പറയുമോ? രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടന ആണ്. ഏത് മാനദണ്ഡ പ്രകാരമാണ് പരിപാടിയിൽ വിസിമാർ പങ്കെടുക്കാൻ പാടില്ലെന്ന് പറയുന്നത്? വിസിമാർക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കട്ടെ. നിരവധി വൈസ് ചാൻസലർമാർ ഇത്തരം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥ നടപ്പിലാക്കിയ പാർട്ടിയാണ് വി.ഡി സതീശന്റേതെന്നും വി മുരളീധരൻ പറഞ്ഞു. ജമാഅത്തിനെ വെള്ള പൂശിയ ആളാണ് മുഖ്യമന്ത്രി. അവരെ അങ്ങോട്ട് പോയി കണ്ട ആളാണ് പ്രതിപക്ഷ നേതാവ്. വൈസ് ചാൻസലർമാരെ ഭീഷണിപ്പെടുത്തുന്നത് കണ്ട് ഇനി ആരും പങ്കെടുക്കരുതെന്ന ഉദ്ദേശമാണ്. ആ കാലമൊക്കെ കഴിഞ്ഞു. ഇത്തരം പ്രസ്താവന നടത്തിയവരാണ് മാപ്പ് പറയേണ്ടത്. ജമാഅത്തിന്റെയും എസ്ഡിപിഐയുടെയും കയ്യടി വാങ്ങാൻ ഉള്ള പ്രസ്താവനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി കൗൺസിലർ സുഗതനെ ജയിലിൽ അടച്ചത് മാർക്സിസ്റ്റ് പാർട്ടിയുടെ ഗൂഢാലോചനയാണെന്നും എംഎൽഎ ആരോപിച്ചു. വെടി വെച്ച പോലീസുകാർക്കെതിരെ കേസ് എടുക്കണം. തിരുവനന്തപുരത്ത് ഭരണ പ്രതിസന്ധിയില്ലെന്നും ഭരണം പോകുമോയെന്ന ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിൽ ഭരണം നഷ്ടമാവുകയും പിന്നീട് അധികാരത്തിൽ വരികയും ചെയ്തിട്ടുണ്ട്. പാറ്റൂർ രാധാകൃഷ്ണൻ ആടിക്കളിക്കുമോ എന്ന് ഇപ്പോൾ നോക്കേണ്ടതില്ലെന്നും വി മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *