നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യത

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ച തീയതിക്ക് മുമ്പ് നടത്താൻ സാധ്യതയുണ്ടെന്ന് റപ്പോര്‍ട്ട്. 2027 ഫെബ്രുവരിയിൽ രാജ്യവ്യാപകമായി ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന സെൻസസ് വിവരശേഖരണ നടപടികളെ തെരഞ്ഞെടുപ്പ് ബാധിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് വിവരം. ഒരേ ഉദ്യോഗസ്ഥരെ തന്നെയാണ് ഇരു പ്രക്രിയകൾക്കും പ്രധാനമായും ഉപയോഗിക്കേണ്ടി വരിക എന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ മുന്നോട്ട് നീക്കാനാണ് ആലോചന. ഇതിൽ ഉത്തരാഖണ്ഡ് ബിജെപി ഘടകം തെരഞ്ഞെടുപ്പ് വളരെ നേരത്തെ നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്.

എന്നാൽ ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ചാമത്തെ സംസ്ഥാനമായ മണിപ്പൂരിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ ബിജെപി നേതൃത്വം നിരീക്ഷിച്ചുവരികയാണ്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ ലഭിച്ച അനുകൂല സാഹചര്യം നിലനിർത്തിക്കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി താൽപ്പര്യപ്പെടുന്നത്. പശ്ചിമ ബംഗാളിലെ വൻ വിജയത്തിന് പിന്നിൽ ഹിന്ദു ഏകീകരണമാണെന്നാണ് ബിജെപിയിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. ഇതേ ഘടകം ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും പാർട്ടിയുടെ വിജയസാധ്യതകളെ സ്വാധീനിക്കുമെന്നാണ് കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് തയ്യാറെടുപ്പുകൾക്ക് ആവശ്യത്തിന് സമയം നൽകാതിരിക്കാൻ സഹായിക്കുമെന്നും ഇത് അനുകൂലമാകുമെന്നുമാണ് പാർട്ടി വിലയിരുത്തൽ.

പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഈ വർഷം നവംബറോടെ ഉണ്ടായേക്കാമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. എന്നാൽ 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയപ്പോഴുണ്ടായ തിരിച്ചടി കണക്കിലെടുത്ത്, പൊതുവേ തെരഞ്ഞെടുപ്പുകൾ നേരത്തെ നടത്തുന്നതിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് യോജിപ്പില്ല. എങ്കിലും വലിയൊരു പ്രതിസന്ധി ഒഴിവാക്കാൻ ഏതാനും ആഴ്ചകളുടെ മാറ്റം ഉണ്ടായേക്കാമെന്നും, ജയം മാത്രം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കാൻ പഞ്ചാബ് ഘടകത്തോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആണ് ബിജെപി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *