വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു

ചെന്നൈ: പ്രദർശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകൻ’ ചോർന്നു. ചിത്രത്തിന്റെ വിവിധഭാഗങ്ങളാണ് ഓൺലൈനിൽ പ്രചരിച്ചത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു.

പറയപ്പെടുന്ന സീനുകൾക്ക് പുറമേ കൂടുതൽ ഭാഗങ്ങൾ പ്രചരിക്കുന്നതായി ചില സാമൂഹികമാധ്യമ അക്കൗണ്ടുകൾ ചൂണ്ടിക്കാണിച്ചു. ദളപതി കച്ചേരി പാട്ട്, ചില കാമിയോ വേഷങ്ങൾ വെളിപ്പെടുത്തുന്ന സീനുകൾ എന്നിവയും പ്രചരിക്കുന്നതായി അവകാശപ്പെട്ടു. ലാപ്‌ടോപ്പിൽ എടുത്ത വീഡിയോകളാണ് പ്രചരിക്കുന്നത്. ദളപതി കച്ചേരി പാട്ടിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്‌സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. എക്‌സിന് പുറമേ യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെ ഭാഗങ്ങൾ പ്രചരിക്കുന്നതായി പറയപ്പെടുന്നു. അതേസമയം നിർമാതാക്കൾ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *