പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പ് നീക്കാന്‍ ആപ്പിളിനും നിര്‍ദേശം നൽകി കേന്ദ്രം

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷ രാജ്യത്ത് നടക്കാനിരിക്കേ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് ഗൂഗിള്‍ നീക്കി. ആപ്പിളിനോടും ആപ്പ് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മെസേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് നിരോധനം. പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു.

പേപ്പര്‍ ലീക്ക്ഡ് നീറ്റ്, റീ-നീറ്റ് 2026, പ്രൈവറ്റ് മാഫിയ, റീ നീറ്റ് മാഫിയ തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകള്‍ വഴി പരീക്ഷാ ചോദ്യപേപ്പറുകള്‍ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആപ്പിലെ മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. സൈബര്‍ തട്ടിപ്പുകള്‍ 1930 ഹെല്‍പ്ലൈന്‍ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *