ആദ്യ മത്സരത്തിനായി റൊണാൾഡോയുടെ പറങ്കിപട ഇന്നിറങ്ങും

ഹൂസ്റ്റൺ: പോർച്ചു​ഗൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. കിരീട പ്രതീക്ഷയുമായാണ് പറങ്കിപട ഇറങ്ങുന്നത്. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരത്തിൽ ഗ്രൂപ്പ് കെയിൽ കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് രാത്രി 10:30 നാണ് മത്സരം. ലോകത്തെമ്പാടുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ വലിയ പ്രതീക്ഷയിലാണ് ഈ ലോകകപ്പിനെ കാണുന്നത്. മികച്ച സ്ക്വാഡുമായാണ് റൊണാൾഡോയും സംഘവും ഇത്തവണ ലോകകപ്പിനെത്തുന്നത്. പ്രായം തളർത്തിയെങ്കിലും റൊണാൾഡോയിൽ ഒരങ്കത്തിന് കൂടിയുള്ള ബാല്യം ബാക്കിയുണ്ടെന്ന് തന്നെയാണ് ഫുട്‌ബോൾ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. തന്റെ ആറാം ലോകകപ്പിനാണ് റോണോ ഇന്നിറങ്ങുന്നത്.

എതിരാളികളായി ദുർബലരായ കോംഗോ ആണെന്നുള്ളതും പോർച്ചുഗൽ ആരാധകർക്ക് ആത്മവിശ്വാസം പകരുന്നു. എന്നാൽ കുഞ്ഞൻ ടീമുകളുടെ പ്രതിരോധം ഈ ലോകകപ്പിൽ നിരവധി മത്സരങ്ങളിൽ കണ്ടുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഗ്രൂപ്പ് കെയിൽ ഉസ്‌ബെക്കിസ്ഥാൻ, കൊളംബിയ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് എതിരാളികൾ.ശക്തമായ മധ്യനിരയാണ് പോർച്ചുഗലിന്റെ ഏറ്റവും വലിയ കരുത്ത്. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയുള്ള ടീമുമായാണ് പോർച്ചുഗൽ കളിക്കാനിറങ്ങുന്നത്. വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ജാവോ നെവെസ്, ബെർണാർഡോ സിൽവ അടങ്ങിയ മധ്യനിര ഏറ്റവും കരുത്തുറ്റതാണ്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് വിജയികളാക്കിയാണ് വിറ്റിഞ്ഞയും ജാവോ നെവെസും എത്തുന്നത്.

മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന വിറ്റിഞ്ഞ തന്നെയായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച്. പിഎസ്ജി താരം ജാവോ നെവെസും ഗംഭീര സീസണിന് ശേഷമാണ് ലോകകപ്പിനിറങ്ങുന്നത്. പ്രീമിയർ ലീഗിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ, പ്ലയെർ ഓഫ് ദി സീസൺ പുരസ്കാരം– ബ്രൂണോ ഫെർണാണ്ടസ് ഇത്തവണ മിന്നും ഫോമിലാണ്. കൂടെ ബെർണാർഡോ സിൽവയുമുണ്ട്. തോറ്റുനിൽക്കുന്ന കളികളിൽ പോലും അയാൾക്കുള്ള ടീം സ്പിരിറ്റും വിന്നിങ് മെന്റാലിറ്റിയും ടീമിന് തീർച്ചയായും ഗുണം ചെയ്യും.കൂടാതെ ഫുൾ ബാക്ക് നുനോ മെൻഡസിന്റെ സാനിധ്യവും ടീമിന് നൽകുന്ന പ്രതീക്ഷ ചെറുതല്ല. റൊണാൾഡോയ്ക്ക് കൃത്യമായ പാസുകളിലൂടെ പന്തെത്തിക്കാനായാൽ പോർച്ചുഗൽ വലിയ മുന്നേറ്റം തന്നെ ഇത്തവണ സൃഷ്ടിക്കുമെന്നുറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *