കോതമംഗലത്ത് കോളേജിൽ മോഷണം; ഡ്രോണും ലാപ്ടോപ്പും കവർന്നു

കൊച്ചി: കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലാണ് മോഷണം നടന്നത്. ഡ്രോണും ലാപ്ടോപ്പും നഷ്ടമായതായി കോളേജ് അധികൃതർ പറഞ്ഞു. ലോക്കർ തകർത്ത് പണം കവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും പ്രിൻസിപ്പലിന്റെ മുറിയിലുമാണ് മോഷ്ടാക്കൾ കയറിയത്.

അഡ്മിഷൻ സെല്ലിൽ നിന്ന് ഒരു പുതിയ ഡ്രോണും ഒരു ലാപ്ടോപ്പും മോഷണം പോയി. അഡ്മിഷൻ ഫീസ് ഇനത്തിൽ ലഭിച്ച ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം കവരാനും ശ്രമം ഉണ്ടായി. ലോക്കർ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുതിയ അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നതിനാൽ കോളേജിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം മുൻകൂട്ടി അറിഞ്ഞവരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കോളേജിന്റെ പ്രവേശന കവാടത്തിലും ഹോസ്റ്റലിലുമായി രണ്ട് സെക്യൂരിറ്റി ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇവർക്ക് മോഷ്ടാക്കളെ തടയാൻ കഴിഞ്ഞില്ല. വെളുപ്പിന് വീട്ടിൽ നിന്ന് ഹോസ്റ്റലിലെത്തിയ ഒരു വിദ്യാർത്ഥിയെ കണ്ടതോടെ മോഷ്ടാക്കൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നാല് പേരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ച് ഊന്നുകൽ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *