ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകര്‍ വീണ്ടും തെരുവിലേക്ക്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സമയത്ത് കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും, ഇന്ത്യ- യുഎസ് വ്യാപാര കരാറിനെതിരെയും ഓഗസ്റ്റ് 10 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങാനാണ് തീരുമാനം. ട്രേഡ് യൂണിയനുകളെയും വിദ്യാർത്ഥി സംഘടനകളെയും അണിനിരത്തി വലിയ പ്രക്ഷോഭ പരിപാടികളാണ് കിസാൻ മോർച്ച ആസൂത്രണം ചെയ്യുന്നത്. സമരത്തിന് മുന്നോടിയായി അടുത്ത മാസം 28, 29 തീയതികളിൽ ഡൽഹിയിൽ വിപുലമായ കൺവെൻഷനും നടക്കും. ട്രേഡ് യൂണിയനുകളേയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
2020-ൽ കേന്ദ്ര നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ 13 മാസം നീണ്ട പ്രതിഷേധം മോദി സർക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
കര്‍ഷകരുടെ പ്രതിഷേധത്തിന് മുമ്പിൽ സർക്കാർ പതറി. ഒടുവിൽ വിവാദ നിയമങ്ങള്‍ പിൻവലിച്ച കേന്ദ്രം വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കും, കടങ്ങള്‍ എഴുതി തള്ളും, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഒഴിവാക്കുമെന്നും വാഗദാനങ്ങള്‍ നല്കി. എന്നാൽ ഉറപ്പ് നൽകി അഞ്ച് വര്‍ഷം പിന്നിടുമ്പോഴും പ്രഖ്യാപനങ്ങള്‍ ഒന്നും നടന്നിട്ടില്ല. പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും, കേന്ദ്രവുമായി ചര്‍ച്ചക്ക് താല്പര്യപ്പെട്ടെങ്കിലും അവഗണിക്കപ്പെട്ടു. ഇതോടയൊണ് അനിശ്ചിതകാല സമരത്തിന്റെ സൂചന നല്കി കര്‍ഷകര്‍ നിലപാട് കടുപ്പിക്കുന്നത്.
നോയിഡ എയർപോർട്ട്, ഗംഗാ എക്സ്പ്രസ്സ് വേ പദ്ധതികളുടെ പേരിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും ഒഡീഷയിലെ ഗോത്രഭൂമിയിലെ കോർപ്പറേറ്റ് കൈയേറ്റം തടയണമെന്നും ഹരിയാണയിലെ ജലപ്രതിസന്ധി പരിഹരിക്കണമെന്നുമുള്ള ആവശ്യങ്ങളും കർഷക സംഘടനകൾ ഉയർത്തുന്നുണ്ട്.
