ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കൈലാഷ് ഹില്‍സ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി തൊഴിലുടമയായ ഡോക്ടര്‍. ഡോക്ടര്‍ മനീഷ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.
ഡല്‍ഹിയിലെ പ്രമുഖ ത്വക്ക് രോഗ വിദഗ്ദ്ധനാണ് പ്രതിയായ മനീഷ്. വീട്ടുജോലിക്കാരിയായ മീന എന്ന സ്ത്രീയെ ഇവര്‍ കത്തിയും ബാറ്റും ഉപയോഗിച്ച് കൊലപ്പെടുത്തിയന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു സ്ത്രീ രക്തക്കുളത്തില്‍ കിടക്കുന്നതായി സമീപവാസികളില്‍ ഒരാള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മീനയുടെ മൃതദേഹം കണ്ടെത്തി. സമീപത്തു തന്നെ പ്രതിയായ ഡോക്ടര്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഡല്‍ഹി പൊലീസ് നല്കുന്ന വിവരമനുസരിച്ച്, മീന പതിവുപോലെ അന്നും ജോലിക്കായി ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രകോപിതനായ ഡോക്ടര്‍ ആദ്യം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മീനയെ ആക്രമിക്കുകയും പിന്നീട് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മീന സംഭവസ്ഥലത്ത് തന്നെ മരിച്ചു.
