രണ്ട് തവണ ദേശീയഗാനം ഉയർന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ

ചെന്നൈ: ഇന്ന് തമിഴ്നാട് നിയമസഭയിൽ രണ്ട് തവണ ദേശീയഗാനം ഉയർന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവർണർ ഇതിനെ പുതുയുഗപ്പിറവി എന്നാണ് വിശേഷിപ്പിച്ചത്. തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും അവസാനിക്കുമ്പോൾ ദേശീയഗാനവും ആയിരുന്നു തമിഴ്നാട്ടിലെ കീഴ്വഴക്കം. ഇന്ന് തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും പാടി. വീണ്ടും ദേശീയഗാനം ആലപിച്ചാണ് സഭ അവസാനിപ്പിച്ചത്.

പിന്നാലെ ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന നിലപാടെന്ന് ലോക്ഭവൻ പ്രതികരിച്ചു. ലോക്ഭവനും സർക്കാരും തമ്മിലുള്ള സുന്ദര ബന്ധത്തിന്റെ തുടക്കമാണ് ഇതെന്നും ഗവർണർ പറഞ്ഞു. വന്ദേമാതരം ഒഴിവാക്കിയും തമിഴ് തായ് വാഴ്ത്ത് ആലപിച്ചുമാണ് സഭ തുടങ്ങിയത്. ഇതോടെ വിമർശനത്തിനൊരുങ്ങി വന്ന ഡിഎംകെയുടെ വഴിയടഞ്ഞു. എന്നാൽ തുടക്കത്തിൽ രണ്ടാമതായി ദേശീയഗാനം ആലപിച്ചത് കീഴ്വഴക്കത്തിലെ തിരുത്തായി.

ത്രിഭാഷ നയത്തെ തമിഴ്നാട് തുടർന്നും ശക്തമായി എതിർക്കുമെന്ന് ഗവണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങളും ഗവർണർ വായിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും വിജയ് സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. അതിനിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സഭാ കവാടത്തിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *