ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായി വി.ഡി സതീശൻ

തിരുവനന്തപുരം: ആർ.ശങ്കറിനും ഉമ്മൻചാണ്ടിക്കും ശേഷം നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഒരു തവണയും ശങ്കർ രണ്ട് തവണയുമാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ നിന്നാണ് ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി ഇത്തവണ നിയമസഭയിലേക്കെത്തിയത്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സംസ്ഥാന ചരിത്രത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി സതീശൻ.

ആർ ശങ്കറായിരുന്നു ഒന്നാമൻ.1960ലെ പട്ടം താണുപിളളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പി എസ് പി മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രിയും ധന മന്ത്രിയുമായിരുന്നു ആർ. ശങ്കർ.62 ൽ പട്ടം താണുപിളള പഞ്ചാബ് ഗവർണറായി നിയമിക്കപ്പെട്ടതോടെ ശങ്കർ മുഖ്യമന്ത്രിയായി.ധന വകുപ്പ് മറ്റാർക്കും വിട്ടുനൽകിയുമില്ല.1963 ലും 64 ലും അങ്ങനെ ആർ ശങ്കർ ബജറ്റവതരിപ്പിച്ചു.അടുത്ത ബജറ്റ് 2016 ലായിരുന്നുഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റ്.ബാർ കോഴക്കേസിൽ ധനമന്ത്രിയായിരുന്ന കെ.എം മാണി രാജി വെച്ചതോടെയാണ് ബജറ്റ് അവതരണ ചുമതല മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയിലെത്തിയത്.

സോളാർ കേസിൽ പ്രതിപക്ഷ പ്രതിഷേധം കത്തി നിൽക്കുന്ന കാലം.കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവ വികാസങ്ങൾക്കിടെ ഉമ്മൻ ചാണ്ടി 2 മണിക്കൂർ 54 മിനിറ്റ് നീണ്ടു നിന്ന തന്‍റെ ബജറ്റ് പ്രസംഗം വായിച്ചു തീർത്തു. ഇനി വി.ഡി സതീശന്‍റെ ബജറ്റ് അവതരണവും ചരിത്രത്തിന്‍റെ ഭാഗമാകും. അറ്റകുറ്റ പണികൾ പൂർത്തിയാകാത്തതിനാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇനിയും താമസം മാറ്റിയിട്ടില്ലാത്ത സതീശൻ പ്രതിപക്ഷ നേതാവിന്‍റെ ഒദ്യോഗിക വസതിയിൽ നിന്ന് ബജറ്റ് അവതരണത്തിനിറങ്ങുന്നു എന്നതും ചരിത്രത്തിലെ മറ്റൊരു അപൂർവ്വതയാണ്.

Leave a Reply

Your email address will not be published. Required fields are marked *