ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനര്‍ജി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പാര്‍ലമെന്റ് ചേമ്പറിലെത്തി സ്പീക്കറുമായി അഭിഷേക് ബാനര്‍ജി കൂടിക്കാഴ്ച നടത്തിയത്. വിമത എം പിമാരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആവശ്യം ഉന്നയിച്ചാണ് ടിഎംസി നേതാക്കാള്‍ സ്പീക്കറെ സമീപിച്ചത്. അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര, സൗഗതാ റോയ്, കല്യാണ്‍ ബാനര്‍ജി എന്നിവരാണ് കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നത്.നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിച്ചതിന് ശേഷം തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന 20 വിമത തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ ആവശ്യം സ്പീക്കര്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള ടിഎംസി നേതാക്കളെ ക്ഷണിച്ചിരുന്നു.

വിമത എം പിമാരുടെ അവകാശവാദം അംഗീകരിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന് അവരുടെ വാദം അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പായി ഇരുപക്ഷത്തെയും കേള്‍ക്കാന്‍ ബിര്‍ള തീരുമാനിച്ചിരുന്നു. വിമത നീക്കം രൂക്ഷമായതിനെ തുടർന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട വിമത എംപിമാര്‍ ഒന്നടങ്കം എന്‍സിപിഐയില്‍ ലയിക്കുമെന്ന് അറിയിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എം പി കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് വിമത നീക്കം നടക്കുന്നത്. വിമത എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍സിപിഐ) ചേരാന്‍ സമ്മതിച്ചതായി കകോലി ഘോഷ് പറഞ്ഞിരുന്നു. നിലവില്‍ 20 വിമത എം പിമാരാണ് എന്‍സിപിഐയില്‍ ചേർന്നത്ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാണ് വിമതരുടെ നീക്കം. കാകോലി ഘോഷ് ദസ്തിദാര്‍ എന്‍സിപിഐ അധ്യക്ഷയാകും.എന്‍സിപിഐയില്‍ 20 എംപിമാര്‍ ചേര്‍ന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിമതര്‍ ചേര്‍ന്ന എന്‍സിപിഐ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ടിഎംസിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാര്‍ട്ടിയില്‍ എംപിമാര്‍ ചേര്‍ന്നത് ജനാധിപത്യവിരുദ്ധമെന്നും ടിഎംസി ആരോപിച്ചിരുന്നു.

ടിഎംസി അധ്യക്ഷയായ മമത ബാനര്‍ജിയുടെ അനുമതിയില്ലാതെ ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ വിമതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് എന്‍സിപിഐ എന്ന പാര്‍ട്ടിയില്‍ ലയിക്കാന്‍ വിമതര്‍ തീരുമാനിച്ചത്. മമത ബാനര്‍ജിക്കും അഭിഷേക് ബാനര്‍ജിക്കുമെതിരെ എതിര്‍പ്പിനെ തുടര്‍ന്നാണ് വിമത നീക്കം ശക്തമായത്. ബിജെപിയുടെ പിന്തുണയോടെയാണ് വിമത നീക്കങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് കാര്യങ്ങള്‍ക്ക് നേതൃത്വം നടത്തുന്നത്. യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്ന് അവകാശപ്പെട്ടാണ് വിമതര്‍ ലോക്സഭയില്‍ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *